ലോക കേരള സഭയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭ നിയമം യാഥാർത്ഥ്യമാക്കുക എന്നതാണ് സഭയുടെ രണ്ടാം സമ്മേളനത്തിന്റെ പ്രധാന അജണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭ ആരംഭ ശൂരത്വമായിരുന്നില്ല. ലോക കേരള സഭയുടെ രണ്ടാം ദിനത്തെ പരിപാടികൾ നിയമസഭാ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഒന്നാം ലോക കേരള സഭക്ക് ശേഷം കേരളം ഓഖിയും പ്രളയവും പോലെയുള്ള ദുരന്തങ്ങളെയാണ് നേരിട്ടത്. അതിനെ അതിജീവിക്കുന്നതിൽ കേരളത്തിന് സഹായവുമായി പ്രവാസികൾ പല അർഥത്തിലും മുൻപന്തിയിലുണ്ടായിരുന്നു. പ്രവാസി ക്ഷേമത്തിനായി കേന്ദ്രസർക്കാർ ഒന്നും ചെയ്യാതിരിക്കുമ്പോഴാണ് കേരളം അതിന് മുൻകൈ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭ എന്ന നിയമം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി പ്രാഥമിക കരട് വികസിപ്പിച്ച് നിയമസഭയ്ക്ക് സമർപ്പിക്കും. പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും പുതിയ കുടിയേറ്റ നയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫും ബി.ജെ.പിയും ബഹിഷ്കരിച്ചെങ്കിലും സർക്കാർ നടപടികളുമായി മുന്നോട്ട് പോകുകയാണ്. വിദേശ രാജ്യങ്ങളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മലയാളികളുടെ വിവിധ പ്രശ്നങ്ങളാണ് സഭ ചർച്ച ചെയ്യുന്നത്.