India Kerala

ചെല്ലാനം മേഖലയിലെ കടലാക്രമണം; പ്രതിഷേധം ശക്തമാക്കി തീരദേശവാസികള്‍

കടല്‍ ക്ഷോഭം രൂക്ഷമായ ചെല്ലാനം തീരമേഖലയില്‍ നടപ്പാക്കിയ ജിയോ ട്യൂബ് പദ്ധതി ഉപേക്ഷിക്കില്ലെന്നും തകരാറുകള്‍ പരിഹരിച്ച് പദ്ധതി നടപ്പിലാക്കുമെന്നും എറണാകുളം ജില്ലാ കലക്ടര്‍. താത്കാലിക പരിഹാരമായി ഒരാഴ്ചയ്ക്കകം ജിയോ ബാഗുകള്‍ സ്ഥാപിക്കും. നിര്‍മ്മാണത്തിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയതായും കലക്ടര്‍ വ്യക്തമാക്കി. കലക്ടറുടെ വാക്കുകളില്‍ പ്രതീക്ഷയില്ലെന്ന് പശ്ചിമ കൊച്ചി തീര സംരക്ഷണ സമിതി പ്രതികരിച്ചു.

ജിയോ ട്യൂബ് സംവിധാനം ഫലപ്രദമാവാത്തതിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് പരിഹാരമായി ജിയോ ബാഗുകള്‍ സ്ഥാപിക്കാന്‍ കലക്ടര്‍ തീരുമാനമെടുത്തത്. അതേ സമയം ജിയോ ട്യൂബ് പദ്ധതി ഉപേക്ഷിക്കില്ലെന്നും തകരാറുകള്‍ പരിഹരിച്ച് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്നത്തിന്റെ ശ്വാശ്വത പരിഹാരത്തിനായി പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്നുമാണ് തീരദേശവാസികള്‍ പറയുന്നത്. താത്കാലിക പരിഹാരം എന്ന നിലയിൽ വീടുകൾ വാടകക്ക് എടുക്കാൻ ധന സഹായം വേണമെന്നും ജിയോ ബാഗ് നിർമാണത്തിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ദിവസങ്ങളായുള്ള കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ഇരുന്നൂറിലധികം വീടുകളിൽ വെള്ളം കയറിയതിനു പിന്നാലെ വ്യാപക നാശനഷ്ടങ്ങലാണ് ചെല്ലാനം മേഖലയിലുണ്ടായത്. അധികൃതരുടെ അവഗണന തുടരുന്ന സാഹചര്യത്തില്‍ മഴക്കാലത്തെയും കലാക്രമണങ്ങളെയും എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് തീരദേശവാസികള്‍.