India Kerala

മുസ്‌ലിം ലീഗ് – എസ്.ഡി.പി.ഐ കൂടിക്കാഴ്ച; ഇടത് മുന്നണി രാഷ്ട്രീയ പ്രചാരണായുധമാക്കുന്നു

ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐ ഭാരവാഹികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഇടത് മുന്നണി രാഷ്ട്രീയ പ്രചാരണായുധമാക്കുന്നു. നാല് വോട്ടിന് വേണ്ടി യു.ഡി.എഫ് വര്‍ഗീയതയെ പ്രീണിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരാജയ ഭീതി കാരണമാണ് ലീഗ് രഹസ്യ ചര്‍ച്ച നടത്തിയതെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

യു.ഡി.എഫ് നേതൃത്വത്തിന്‍റെ അറിവോടെയാണ് കൂടിക്കാഴ്ച നടന്നതെന്ന് പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ ആരോപിച്ചു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് ലീഗ് വ്യക്തമാക്കുമ്പോഴും ദൃശ്യങ്ങള്‍ സഹിതം പുറത്ത് വന്നത് നേതൃത്വത്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.

മുസ്‍ലിം ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐ – പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍മാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇടത് മുന്നണി ശക്തമായ പ്രചരണായുധമായി ഇത് ഉപയോഗിച്ച് തുടങ്ങിയത്. പൊന്നാനിയിലെ പരാജയ ഭീതിയെ തടുര്‍ന്നാണ് രഹസ്യ ചര്‍ച്ച നടത്തിയതെന്നും കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും ചര്‍ച്ചക്ക് എത്തിയെന്നായിരുന്നു പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്റെ പ്രതികരണം. എസ്.ഡി.പി.ഐ ലീഗ് രഹസ്യ ചര്‍ച്ചകള്‍ മുമ്പും നടന്നിട്ടുണ്ടെന്നും ഇപ്പോള്‍ പരസ്യമായെന്നേയുള്ളൂവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോപിച്ചു. മുസ്‍ലിം ലീഗിന്‍റെ മതേതര പൊയ്മുഖം അഴിഞ്ഞ് വീണെന്നായിരുന്നു മന്ത്രി കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടത്.