Kerala

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്ന സംഭവം; ഭർത്താവിനെതിരെ മെഡിക്കൽ കോളജ് നൽകിയ പരാതി പ്രതികാര നടപടിയെന്ന് യുവതി

ശസ്ത്രക്രിയക്കിടെ കത്രിക മറന്നുവച്ച സംഭവത്തിൽ ഭർത്താവിനെതിരെ മെഡിക്കൽ കോളജ് നൽകിയ പരാതി പ്രതികാര നടപടിയെന്ന് ഹർഷിന. പരാതിയുമായി മുന്നോട്ടുപോകാനാണ് ഹർഷിനയുടെ തീരുമാനം.

ഡോക്ടർമാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്ന് കാട്ടിയാണ് യുവതിയുടെ ഭർത്താവ് അഷ്റഫിനെതിരെ മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകിയത്. ഇത് പ്രതികാര നടപടിയാണെന്ന് ഹർഷിനയുടെ കുടുംബം പറയുന്നു. തെറ്റു പറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വിഡിയോ പകർത്തിയ സംഭവത്തിലായിരുന്നു നടപടി.

കത്രിക രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ മറന്നു വെച്ച സംഭവത്തിൽ മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ ആദ്യം നൽകിയത്. എന്നാൽ ഈ വാദം പൊളിക്കുന്ന വിഡിയോ പിന്നീട് പുറത്തു വന്നതോടെ ആശുപത്രി അധികൃതർ പ്രതിരോധത്തിലായി.

ആശുപത്രിക്ക് തെറ്റുപറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിനിടയിലാണ് യുവതിയുടെ ഭർത്താവായ അഷ്റഫിനെതിരെ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ പരാതി നൽകിയത്. ഇന്ന് വൈകിട്ട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടതായി അഷ്റഫ് പറഞ്ഞു. അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്ന് കാട്ടി മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർമാർ സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.

2017 നവംബർ മാസത്തിലാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ശേഷമാണ് യുവതിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയത്. നിരവധി ആശുപത്രികൾ കയറിയിറങ്ങി. 30 വയസായപ്പോഴേക്കും ശരീരം വല്ലാതെ ദുർബലമായതോടെ വൃക്കരോഗമോ ക്യാൻസറോ ബാധിച്ചെന്ന് വരെ ഹർഷിനയും വീട്ടുകാരും കരുതി. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് നടത്തിയ സിടി സ്‌കാനിംഗിലാണ് ശരീരത്തിൽ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹർഷിനയുടെ ശരീരത്തിൽ നിന്നും പുറത്തെടുത്തത് 11 സെന്റീമിറ്റർ നീളമുള്ള കത്രികയാണ്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നതായിരുന്നു യുവതിയുടെ ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണം.