Kerala

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; നഷ്ടപരിഹാരത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമരസമിതി

ഓപ്പറേഷനിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമരസമിതി. ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. നഷ്ടപരിഹാരം നല്‍കാമെന്നറിയിച്ച ശേഷം വീണ്ടും ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത് ശരിയല്ലെന്ന് സമരസമിതി പ്രതികരിച്ചു. നിലവില്‍ പൊലീസ് ആന്വേഷണം നടക്കുന്നുണ്ട്. അത് കാര്യക്ഷമമാക്കണമെന്നും സമരസമിതി നിലപാട് വ്യക്തമാക്കി.

പരാതി ഉന്നയിച്ച കോഴിക്കോട് പുതുപ്പാടി അടിവാരം സ്വദേശിനി ഹര്‍ഷിനക്ക് രണ്ട് ലക്ഷം രൂപ ധന സഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം തന്നെ അവഹേളിക്കലാണെന്നും ഈ സഹായം വേണ്ടെന്നും ഹര്‍ഷിന പ്രതികരിച്ചു.

ഹര്‍ഷിന അഞ്ച് വര്‍ഷം മുമ്പാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ചികിത്സ തേടിയത്. സിസേറിയന് ശേഷം വലിയ ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. മൂന്നാമത്തെ സിസേറിയന്‍ ആയതിനാലുള്ള പ്രയാസമാണെന്നാണ് കരുതിയത്. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല.

എട്ട് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ആശുപത്രിക്ക് മുന്നില്‍ സമരം ആരംഭിച്ചു. ആരോഗ്യ വകുപ്പു മന്ത്രി നേരിട്ടെത്തി ഹര്‍ഷിനയുടെ പരാതി കേള്‍ക്കുകയും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണങ്ങള്‍ എങ്ങുമെത്താത്തതിനാല്‍ ആഭ്യന്തര വകുപ്പ് അന്വേഷണത്തിനും തീരുമാനിച്ചു. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ തനിക്ക് വേണ്ടെന്നും അഞ്ച് വര്‍ഷം അനുഭവിച്ച വേദനക്കും ചികിത്സാ ചെലവുകള്‍ക്കും രണ്ട് ലക്ഷം വിലയിട്ടത് തന്നെ അവഹേളിക്കലാണെന്നും ഹര്‍ഷിന പ്രതികരിച്ചു.

മതിയായ നഷ്ടപരിഹാരത്തിനൊപ്പം കുറ്റക്കാര്‍ക്കെതിരെ നടപടിയും വേണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. ഇതുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്താനാണ് ഹര്‍ഷിനയുടെ തീരുമാനം.