Kerala

കള്ള് ഗുണനിലവാര പരിശോധനയില്‍ കൃത്രിമം; ശാസ്ത്രീയ പരിശോധന വേണമെന്ന ആവശ്യത്തില്‍ തൊഴിലാളികള്‍

സംസ്ഥാനത്ത് കള്ള് ഗുണനിലവാര പരിശോധന പ്രഹസനമെന്ന് കണ്ടെത്തല്‍. വ്യാജ കള്ള് പിടികൂടിയ എക്സൈസ് വകുപ്പിന്റെകള്ള് പരിശോധനാകേന്ദ്രമുള്ള അണക്കപ്പാറയില്‍ അളവ് പരിശോധന മാത്രമാണ് നടക്കുന്നതെന്ന് ട്വന്റി ഫോര്‍ അന്വേഷണത്തില്‍ വ്യക്തമായി.

പാലക്കാട് ജില്ലയില്‍ നിന്ന് പ്രതിദിനം വിവിധ ജില്ലകളിലേക്ക് കൊണ്ടുപോകുന്നത് രണ്ട് ലക്ഷത്തോളം ലിറ്റര്‍ കള്ളാണ്.
ചിറ്റൂരടക്കമുള്ള മേഖലയില്‍ നിന്ന് ശേഖരിക്കുന്ന കള്ള് ബാരലുകളിലാക്കി ആലത്തൂരിലെ ചെക്ക് പോസ്റ്റിലെത്തിക്കും.
ഇവിടെയാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധന. എന്നാല്‍ അളവ് പരിശോധന മാത്രമാണ് ഇവിടെ നടക്കുന്നത്.

കഴിഞ്ഞ ആറുവര്‍ഷത്തിനിടെ അളവില്‍ കൃത്രിമം കാട്ടിയതിന് രജിസ്റ്റര്‍ ചെയ്തത് രണ്ട് കേസുകള്‍ മാത്രമാണ്. ഇവിടെനിന്നും സാമ്പിള്‍ ശേഖരിച്ചാല്‍ പരിശോധന നടക്കുന്നത് എറണാകുളത്തെ ലാബിലാണ്. ഫലം വരുന്നത് വൈകും.
അതിനുമുമ്പ് കള്ള്, ഷാപ്പുകളിലൂടെ വഴി വിതരണം കഴിഞ്ഞിരിക്കും. ചെത്തിയെടുക്കുന്ന കള്ളില്‍
സ്പിരിറ്റും അമോണിയയും മറ്റ് രാസവസ്തുക്കളും ചേര്‍ത്ത് വില്‍പനയ്ക്കെത്തിക്കുന്ന രീതിയാണ് അണക്കപ്പാറ റെയ്ഡിലൂടെ പുറത്തുവന്നത്. ഇത്തരം ക്രമക്കേടുകള്‍ ബാധിക്കുക ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെയാണ്. കള്ളിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ശാസ്ത്രീയ പരിശോധന വേണമെന്നാണ് ഇവരുടെ ആവശ്യം.