കൃഷിയെ ലാഭകരമാക്കാന്‍ നൂതനമായ സാങ്കേതികവിദ്യകളുപയോഗിച്ച് കൃഷി ചെയ്യാനുള്ള സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വലിയശാല ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയുടെ പ്രാരംഭ ഘട്ടം മുതല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതുവരെയുള്ള പ്രവൃത്തികളില്‍ കര്‍ഷകര്‍ക്ക് താങ്ങായി കൃഷി വകുപ്പുണ്ട്. എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്താനും കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കാനും ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി ഞങ്ങളും കൃഷിയിലേക്ക് എന്ന ബൃഹത് പദ്ധതിക്ക് രൂപം കൊടുത്തിരിക്കുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷികമേഖലയിലേക്ക് കൃഷിക്കാരെ തിരിച്ചു കൊണ്ടുവരാന്‍ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ഉത്പാദന രംഗത്തുള്ള ഇടപെടലുകള്‍ വളരെ മെച്ചപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. ഉത്പാദന രംഗത്തേക്ക് കടന്നു വരുന്ന കര്‍ഷകര്‍ക്ക് സബ്‌സിഡികള്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള പിന്തുണ നല്‍കി അവര്‍ക്ക് ആ രംഗത്ത് നിലയുറപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ആറ്റിപ്രയിലെ മുതിര്‍ന്ന കര്‍ഷകന്‍ പി.ഗംഗാധരനെ മന്ത്രി വി.ശിവന്‍കുട്ടി ആദരിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍ പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് സ്‌കൂള്‍ വളപ്പിലെ പച്ചക്കറി തോട്ട നിര്‍മ്മാണ ഉദ്ഘാടനം മന്ത്രിമാരും മേയറും ചേര്‍ന്ന് നിര്‍വഹിച്ചു.