കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ഘടനാമാറ്റം നടപ്പാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഘടനയിലേക്ക് മാറണമെന്നാണ് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. ഇതനുസരിച്ച് അഞ്ചാം ക്ലാസ് എല്‍.പി വിഭാഗത്തിലേക്കും എട്ടാം ക്ലാസ് യു.പി വിഭാഗത്തിലേക്കും മാറും.
2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകളില്‍ ഘടനാ മാറ്റം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹരജികളിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എൽ.പി ഒന്നു മുതൽ 5 വരെയും യു.പി ആറ് മുതൽ എട്ട് വരെയുമാണ്. കേരള വിദ്യാഭ്യാസ നിയമത്തിലാകട്ടെ എല്‍.പി ഒന്നു മുതൽ 4 വരെയും യു.പി 5 മുതൽ 7 വരെയുമാണ്.
സംസ്ഥാനത്ത് സ്കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ നിയമം നടപ്പാക്കാത്തത് നിയമ വിരുദ്ധമാണെന്ന ഹരജിക്കാരുടെ വാദം കോടതി ശരിവെച്ചു. സൗജന്യ നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന് കേരള വിദ്യാഭ്യാസ ചട്ടം വിരുദ്ധമായതിനാൽ അതനുസരിച്ചുള്ള ഘടന നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഹൈക്കോടതിയുടെ രണ്ട് ഡിവിഷൻ ബെഞ്ചുകൾ നേരത്തെ വിധി പറഞ്ഞ കേസിൽ ഒരു ബെഞ്ച് ഹരജിക്കാർക്ക് അനുകൂലമായും മറ്റൊരു ബെഞ്ച് പ്രതികൂലമായും നിലപാടെടുത്തിരുന്നു. ഇതേ തുടർന്നാണ് കേസ് ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള മാറ്റം തത്വത്തില്‍ നടപ്പാക്കി ക്ലാസ് മാറ്റം ഒഴിവാക്കാനായിരുന്നു നിയമം നിലവില്‍ വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് എല്‍.പി ഒന്ന് മുതൽ നാല് വരെയും യു.പി അഞ്ച് മുതൽ ഏഴ് വരെയുമാണ്. ഈ ഘടനയില്‍ മാറ്റം വരുത്താനാണ് ഹൈക്കോടതി ഉത്തരവ്. നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹരജികളിലാണ് ഹൈക്കോടതി വിധി. സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ നിയമം നടപ്പാക്കാത്തത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം.