India Kerala

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണിക്കും: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അനുകൂല സാഹചര്യങ്ങൾ ഉണ്ടായാൽ സ്കൂളുകൾ തുറക്കും. സ്കൂൾ പാഠ്യപദ്ധതി കാലാനുസൃമായി പുതുക്കും. കരിക്കുലത്തിൽ സ്ത്രീധനത്തിനെതിരായ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് ഈ മാസം 13നു പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ( school opening v sivankutty )ഒക്ടോബർ 4 ന് കോളജുകൾ തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചിരുന്നു. അവസാന വർഷ ഡിഗ്രി, പി ജി ക്ലാസ്സുകളാണ് തുടങ്ങുന്നതെന്ന് മന്ത്രി. വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ഡോസ് വാക്സിൻ നല്‍കാന്‍ സ്ഥാപനതലത്തില്‍ നടപടി സ്വീകരിക്കും. കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കാൻ നിർദേശം നൽകും.

കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റര്‍ ക്ലാസുകളാണ് ആരംഭിക്കുക. ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തില്‍ നടപടി സ്വീകരിക്കും.

സമയം സംബന്ധിച്ച കാര്യങ്ങളില്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വര്‍ഷം ക്രമീകരിച്ച അതേ രീതിയില്‍ തന്നെയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്സിന്‍ ഉറപ്പാക്കും. വിശദ തീരുമാനത്തിന് ക്ലാസുകൾ തുടങ്ങുന്നതിന് മുൻപായി മറ്റന്നാൾ പ്രിൻസിപ്പൽമാരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. ടെക്നിക്കൽ, പോളി ടെക്നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള ബിരുദ – ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരു ഡോസ് വാക്സിനേഷനെങ്കിലും പൂർത്തിയാക്കിയ അധ്യാപകരേയും വിദ്യാർത്ഥികളേയും ഉൾക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. എന്നാൽ ആരും ക്യാമ്പസ് വിട്ടു പോകാൻ പാടില്ലെന്നും ഇപ്പോൾ തന്നെ ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കൂടാതെ റസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ച അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും വച്ച് തുറക്കാം. ബയോബബിള്‍ മാതൃകയില്‍ വേണം തുറന്നു പ്രവര്‍ത്തിക്കാനെന്നും മുഖ്യമന്ത്രി നിർദേശിച്ചു.