Education Kerala

ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെ; സ്‌കൂൾ തുറക്കൽ മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി. ആരോഗ്യമന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചേർന്നാണ് മാർഗരേഖ കൈമാറിയത്.

അധ്യാപകരും അനധ്യാപകരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്നതടക്കമുള്ള വിവരങ്ങൾ മാർഗരേഖയിലുണ്ട്. ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെയായിരിക്കും. പ്രവൃത്തി ദിനങ്ങളിൽ എല്ലാ അധ്യാപകരും സ്‌കൂളിൽ എത്തണം. രോഗലക്ഷണമുള്ള കുട്ടികൾക്കായി സിക്ക് റൂമുകൾ സജ്ജീകരിക്കും. സ്‌കൂൾ തലത്തിൽ ഹെൽപ് ലൈൻ ഏർപ്പെടുത്തുമെന്നും മാർഗരേഖയിലുണ്ട്.

ക്ലാസുകൾ ആരംഭിക്കുന്ന സമയം, ക്ലാസുകൾക്ക് നൽകുന്ന ഇന്റർവൽ, സ്‌കൂൾ വിടുന്ന സമയം എന്നിവയിൽ വ്യത്യാസം വരുത്തി കൂടി ചേരൽ ഒഴിവാക്കും. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ ക്ലാസുകളിൽ വരേണ്ടതില്ല. നേരിട്ടെത്താൻ കഴിയാത്തവർക്ക് ഡിജിറ്റൽ പഠന രീതി തുടരുമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.