India Kerala

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. നാളെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മുൻകരുതൽ എന്ന നിലയിൽ നാളെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

അവധി ആഘോഷമാക്കാൻ കുട്ടികള്‍ കുളത്തിലേക്കും പുഴയിലേക്കും പോകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. നിലവിൽ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ല. മുന്നൊരുക്കങ്ങൾ സുരക്ഷക്ക് വേണ്ടിയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പൂര്‍വസ്ഥിതിയിലേക്ക് നാടിനെ മടക്കിക്കൊണ്ടുവരാനും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും കലക്ടര്‍ വ്യക്തമാക്കി.