Kerala

ഇക്കൊല്ലം കലക്കാൻ ‘കൊല്ലം’ തയ്യാർ!


ആവേശത്തിന്റെയും ആഘോഷത്തിന്റെയും നാളുകളാണ് കൊല്ലത്ത്. കലോത്സവം പൊടിപൊടിക്കുമ്പോൾ ഏറെ സജ്ജീകരണങ്ങളോടു കൂടി തന്നെയാണ് കൊല്ലം കലോത്സവത്തിനെ വരവേറ്റത്. അറുപത്തി രണ്ടാമത്‌ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 24 വേദികളാണ് ഒരുക്കിയിരിക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്നു എന്നതും ശ്രദ്ധേയം. 

ഇവർക്കായുള്ള താമസസൗകര്യവും സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ടൗണ്‍ ബസ് സര്‍വ്വീസും കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോത്സവം അവസാനിക്കുന്നതുവരെ സര്‍വ്വീസ് നടത്തുന്നതാണ്. വേദികളില്‍ നിന്നും മറ്റു വേദികളിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നതിനായി ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകളാണ് സൗജന്യ സേവനം നടത്തുന്നത്.

മത്സരാര്‍ഥികള്‍ക്ക് മറ്റു വേദികളിലേക്കും ഭക്ഷണ പന്തലിലേക്കും പോകുന്നതിനായി ഈ വാഹനം ഉപയോഗിക്കാവുന്നതാണ്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒപ്പം കാണികളെയും സഹായിക്കുന്നതിനായി ഹെൽപ് ലൈൻ നമ്പറും ഒരുക്കിയിട്ടുണ്ട്. 112, 9497 930 804 എന്നതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. കൂടാതെ വേദികളും പാര്‍ക്കിങ് സൗകര്യങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ക്യൂ.ആര്‍ കോഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വേദികളിലും അനുബന്ധ പ്രദേശങ്ങളിലും സി സി. ടി വി സംവിധാനവും ഒരുക്കിയിട്ടുണ്ട്.