India Kerala

പാഠപുസ്തക വിതരണം അവസാന ഘട്ടത്തിലേക്ക്

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം അവസാനഘട്ടത്തില്‍. ഭൂരിഭാഗം പുസ്തകങ്ങളും വിതരണം ചെയ്ത് കഴിഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പ്രളയത്തില്‍ നഷ്ടപ്പെട്ട 7 ലക്ഷം പുസ്തകങ്ങളും കൊടുത്ത് തീര്‍ത്തു.

മൂന്ന് കോടി 25 ലക്ഷം പുസ്തകളാണ് ഇത്തവണ വേണ്ടി വന്നിരുന്നത്. ഇതില്‍ മൂന്ന് കോടി 14 ലക്ഷം പുസ്തകങ്ങളും വിതരണം ചെയ്തു കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ ബാക്കിയുള്ള പുസ്തകങ്ങളും വിതരണം ചെയ്യുന്നതോടെ പുസ്തക വിതരണം പൂര്‍ണ്ണമാകുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

കണക്കുകള്‍ പ്രകാരം 97 ശതമാനം പുസ്തക വിതരണവും പൂര്‍ത്തിയായിട്ടുണ്ട്. 3292 സൊസൈറ്റികള്‍ വഴി 12962 ഗവണ്‍മെന്‌റ് എയിഡഡ് സ്‌കൂളുകള്‍ക്കും 1090 റെഗുലറൈസ്ഡ് അണ്‍എയിഡഡ് സ്‌കൂളുകള്‍ക്കുമാണ് പുസ്തകം വിതരണം ചെയ്ത്.

സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരുടേയും ചിട്ടയായ പ്രവര്‍ത്തനമാണ് പുസ്തക വിതരണത്തിന്റെ വിജയത്തിന് പിന്നില്‍. അവസാന നിമിഷം എയ്ഡഡ് സ്‌കൂളുകളില്‍ ചേരുന്ന കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ക്ക് മാത്രമാകും കാലതാമസം വരിക. എന്നാല്‍ ഇവയും വേഗത്തില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

പ്രളയത്തില്‍ നഷ്ടമായ പുസ്തകങ്ങളുടെ വിതരണവും കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. 7 ലക്ഷം പുസ്തകളാണ് പ്രളയത്തില്‍ നഷ്ടമായത്. ഇവയും എല്ലാ സ്‌കൂളുകളിലും എത്തിച്ചുകഴിഞ്ഞു.