India Kerala

ബിന്ദു തങ്കം കല്യാണിയുടെ മകളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പ്രതിസന്ധിയില്‍

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച് മടങ്ങിയ ബിന്ദു തങ്കം കല്യാണിയുടെ മകളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പ്രതിസന്ധിയില്‍. സംഘ്പരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ആറാം ക്ലാസുകാരിക്ക് വിദ്യാലയങ്ങള്‍ പ്രവേശനം നിഷേധിക്കുന്നു. അദ്ധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും ഭാഗത്തു നിന്നുള്ള അധിക്ഷേപം മൂലം നിലവില്‍ പഠിക്കുന്ന വിദ്യാലയത്തില്‍ നിന്ന് ഒരു മാസത്തിലധികമായി കുട്ടി വിട്ടു നില്‍ക്കുകയാണ്.

സുപ്രിം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്താനായി പമ്പ വരെയെത്തി മടങ്ങിയ ബിന്ദു തങ്കം കല്യാണിക്കെതിരെ സംഘ്പരിവാര്‍ പ്രതിഷേധിച്ചിരുന്നു. അധ്യാപികയായ ഇവര്‍ അഗളിയില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലം മാറിയെത്തിയ ശേഷം സ്‌കൂളിനു മുന്നില്‍ നാമജപ പ്രതിഷേധവും നടത്തിയിരുന്നു. മകളെ ഇതേ സ്‌കൂളില്‍ തന്നെ ആറാം ക്ലാസിലാണ് ബിന്ദു തങ്കം കല്യാണി ചേര്‍ത്തത്. എന്നാല്‍ സ്‌കൂളിലെ അധ്യാപകരടക്കമുള്ളവരുടെ ഭാഗത്തു നിന്നുള്ള പരാമര്‍ശങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് പരാതി പറഞ്ഞ് മകള്‍ ഒരു മാസത്തോളമായി സ്‌കൂളില്‍ പോകുന്നില്ല.

ഇതിനെത്തുടര്‍ന്നാണ് ബിന്ദു തങ്കം കല്യാണി മകളെ ആനക്കട്ടിയില്‍ തമിഴ്‌നാട് അതിര്‍ത്തിക്കുള്ളിലുള്ള സ്വകാര്യ വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ കൊണ്ടു പോയത്. ആദ്യഘട്ടത്തില്‍ കുട്ടിയെ ചേര്‍ക്കാമെന്ന് സ്‌കൂളധികൃതരും സമ്മതിച്ചു. എന്നാല്‍ ക്ലാസില്‍ ചേരാനായി പോയ ദിവസം സംഘ്പരിവാറുകാര്‍ സംഘടിച്ചെത്തുകയും ഇതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഭീഷണി മൂലം കേരളത്തിനകത്തും പുറത്തും പഠിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ബിന്ദു തങ്കം കല്യാണിയുടെ ആറാം ക്ലാസുകാരിയായ മകള്‍.