Kerala

സ്വാശ്രയ കോളജിലെ പാവപ്പെട്ട വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് നിലച്ചു

സ്വാശ്രയ മെഡിക്കല്‍ കോളജിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് നിലച്ചു. എന്‍. ആര്‍.ഐ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള 5 ലക്ഷം രൂപ വീതം സ്വീകരിച്ച് രൂപീകരിച്ച കോര്‍പസ് ഫണ്ടില്‍ നിന്നാണ് സ്കോളര്‍ഷിപ്പ് നല്‍കി വന്നിരുന്നത്. രണ്ടാം വര്‍ഷം മുതല്‍ കോര്‍പസ് ഫണ്ടിലേക്ക് തുക നല്‍കുന്നത് കുറഞ്ഞു. 2020 ജൂലൈയിലെ ഹൈകോടതി വിധിയോടെ സ്കോളര്‍ഷിപ്പ് വിതരണം പൂര്‍ണമായി മുടങ്ങി. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

സ്വാശ്രയ മെഡിക്കല്‍ ഫീസ് ക്രമാതീതമായി ഉയരുകയും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് കോര്‍പസ് ഫണ്ട് സ്കോളര്‍ഷിപ്പ് തുടങ്ങുന്നത്. ഉയര്‍ന്ന ഫീസ് നല്‍കാന്‍ എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥികളില്‍ നിന്ന് 5 ലക്ഷം രൂപ വീതം കോര്‍പസ് ഫണ്ടിലേക്ക് സ്വീകരിക്കുകയും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അത് സ്കോളര്‍ഷിപ്പായി നല്‍കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി. ഇതാണ് ഇപ്പോള്‍ നിലച്ചിരിക്കുന്നത്

2017-18 ലാണ് പദ്ധതി ആരംഭിക്കുന്നത്. ആ ബാച്ചില്‍ നിന്ന് രണ്ട് വര്‍ഷം തുക സ്വീകരിക്കുകയും സ്കോളര്‍ഷിപ്പ് നല്‍കുകയും ചെയ്തു. പിന്നീട് വിദ്യാര്‍ത്ഥികളില്‍ നിന്ന് തുക സ്വീകരിക്കുന്നത് കുറഞ്ഞു. സ്കോളര്‍ഷിപ്പ് നല്‍കലും നിലച്ചു. കോര്‍പസ് ഫണ്ടിലേക്ക് തുക പിരിക്കുന്നത് നിരോധിച്ച് ഈ വര്‍ഷം ജൂലൈ 23 ന് ഹൈകോടതി വിധികൂടി വന്നതോടെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനം വഴിമുട്ടി.

സ്കോളര്‍ഷിപ്പ് വിതരണത്തില്‍ തുടക്കത്തില്‍ തന്നെ പാളിച്ച ഉണ്ടായിരുന്നു. 2017-18 ബാച്ചില്‍ നിന്ന് ആദ്യ വര്‍ഷം കോര്‍പസ് ഫണ്ടിലേക്ക് ലഭിച്ചത് 10,90,00,000 ആയിരുന്നു. എന്നാല്‍ നല്‍കിയത് 4 കോടി 4, ലക്ഷം മാത്രം. ആ ബാച്ചില്‍ നിന്ന് രണ്ടാം വര്‍ഷം ലഭിച്ചത് 4 കോടി 5 ലക്ഷം മാത്രം. മൂന്നാം വര്‍ഷമായതോടെ എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥികളുടെ സംഭാവന പത്ത് ലക്ഷമായി ചുരുങ്ങി. 2017-18 ബാച്ചിന് രണ്ടാം വര്‍ഷം 3 കോടി 93 ലക്ഷം രൂപ കിട്ടിയതിന് ശേഷം ആര്‍ക്കും സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ല. 2018-19 ബാച്ചില്‍ നിന്ന് രണ്ടു വര്‍ഷമായി 14 കോടി രൂപ പ്രവേശന പരീക്ഷാ കമ്മീഷണരുടെ പേരിലുള്ള കോര്‍പസ് ഫണ്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്. കോര്‍പസ് ഫണ്ട് ശേഖരിക്കുന്നത് തടഞ്ഞ ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപ്പിച്ചിട്ടുണ്ടെന്ന് പ്രവേശനപരീക്ഷാ കമ്മീഷണര്‍ അറിയിച്ചു

സ്കോളര്‍ഷിപ്പ് ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും തുടക്കം മുതല്‍ സര്‍ക്കാര്‍ അലംഭാവം പ്രകടമായിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പ് പൂര്‍ണമായി നിലച്ചതോടെ വഴിയാധാരമായത് സ്കോളര്‍ഷിപ്പ് പ്രതീക്ഷിച്ച് സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ പാവപ്പെട്ട വിദ്യാര്‍ഥികളാണ്.