മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനര്‍ഹര്‍ തട്ടിയെടുക്കുന്നതായി കണ്ടെത്തല്‍. വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയിലാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്. അഞ്ചുതെങ്ങില്‍ ഒരു ഏജന്റിന്റെ നമ്പറുപയോഗിച്ച് 16 അപേക്ഷകള്‍ക്ക് പണം അയച്ചു. ദുരിതാശ്വാസ തുകയ്ക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നുമാണ് വിജിലന്‍സ് സംഘത്തിന്റെ പരിശോധിയില്‍ തെളിഞ്ഞത്.
കരള്‍ രോഗത്തിന്റെ ചികിത്സാ സഹായത്തിന് ഹാജരാക്കിയത് ഹൃദ്രോഗ സര്‍ട്ടിഫിക്കറ്റായിരുന്നു. പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ നല്‍കിയത് 1500 സര്‍ട്ടിഫിക്കറ്റുകളാണ്. കരുനാഗപ്പള്ളിയില്‍ ഒരേ വീട്ടിലെ എല്ലാ കുടുംബാംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി. രണ്ട് ഘട്ടങ്ങളിലായി ഇത്തരത്തില്‍ നാല് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്നാണ് കണ്ടെത്തല്‍. കോട്ടയം മുണ്ടക്കയം സ്വദേശിക്ക് ഒരേ അസുഖത്തിന് നാല് തവണ തുക അനുവദിച്ചു. കോട്ടയത്തിന് പുറമേ ഇടുക്കിയില്‍ നിന്നും ഇതേ വ്യക്തി തുക തട്ടിയെടുത്തിരുന്നു. ഒരേ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റാണ് എല്ലാ അപേക്ഷയ്ക്കുമൊപ്പം നല്‍കിയത്.
എറണാകുളത്ത് വിദേശ മലയാളിക്ക് മൂന്ന് ലക്ഷം രൂപയാണ് ചികിത്സാ സഹായമായി നല്‍കിയത്. കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ടോ എന്നറിയാന്‍ കര്‍ശന പരിശോധനയുണ്ടാകുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.