India Kerala

കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യത ഹരജിയില്‍ വിധി ഇന്ന്

കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യതയും ആര്‍.ടി.ഐ നിയമപരിധിയും ചോദ്യം ചെയ്തുള്ള സുപ്രധാന ഹരജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യത ചോദ്യം ചെയ്തുള്ള ഹരജിയിൽ രാവിലെ 10.30ന് ജസ്റ്റിസ് എന്‍‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. അതേസമയം ചീഫ് ജസ്റ്റിസും ജഡ്ജിമാരുടെ നിയമനവും അടക്കമുള്ളവ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് രണ്ട് മണിക്കും വിധി പറയും

കൂറുമാറിയ കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുന്നത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. ഇന്ന് രാവിലെ 10.30ന് ജസ്റ്റിസുമാരായ എന്‍.വി രമണ, സജ്ഞയ് ഖന്ന, കൃഷ്ണ മൂരാരി എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പറയുക. വിധി വരാനുള്ള സാഹചര്യത്തില്‍ കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നേരത്തെ മാറ്റിവെച്ചിരുന്നു. എം.എല്‍.എമാരെ ചാക്കിലാക്കാന്‍ അമിത്ഷായുടെ പിന്തുണയുണ്ടെന്ന് പറയുന്ന യെദ്യൂരപ്പയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശവും കര്‍ണാടക കോണ്‍ഗ്രസ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതടക്കം പരിഗണിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ചീഫ് ജസ്റ്റിസും ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം നടപടികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്ന കാര്യത്തിലും സുപ്രീം കോടതി ഇന്ന് വിധി പറയും.

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി. വൈ ചന്ദ്രചൂ‍ഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍. ഉച്ചക്ക് രണ്ട് മണിക്കാണ് വിധി പറയുക. ഇതോടൊപ്പം 2017 ധനകാര്യ നിയമമനുസരിച്ച് വിവിധ ട്രിബ്യൂണലുകളുടെ അധികാര പരിധി ലഘൂകരിച്ച നടപടി ചോദ്യം ചെയ്തുള്ള ഹരജിയിലും ഇതേ ബഞ്ച് വിധി പറയും.