യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് മികച്ച ചികിത്സ തേടി സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണനയ്‌ക്കെടുക്കുന്നത്. ഇന്നലെ ഹരജി പരിഗണിച്ച കോടതി കാപ്പന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് കേസിലെ മറ്റ് കക്ഷികൾക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു. ഭാര്യയുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കാനും കോടതി കാപ്പന് അനുമതി നൽകിയിരുന്നു.
ഭാര്യ റൈഹാനത്ത് അഭിഭാഷകൻ വിൽസ് മാത്യു വഴി നൽകിയ കത്തിൽ വാദംകേൾക്കുകയായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി ബെഞ്ച്. കാപ്പന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തെ മോചിപ്പിക്കാൻ നടപടിയുണ്ടാകണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടത്. കേരള പത്രപ്രവർത്തക യൂനിയന്റെ(കെയുഡബ്ല്യുജെ) ഹരജിയും ബെഞ്ച് പരിഗണിച്ചു.
കാപ്പന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മഥുര മെഡിക്കൽ കോളേജിൽനിന്ന് ഡൽഹിയിലെ എയിംസിലേക്കോ സഫ്ദർജങ് ആശുപത്രിയിലേക്കോ മാറ്റണമെന്നാണ് ഹരജിയിൽ കെയുഡബ്ല്യുജെ ആവശ്യപ്പെട്ടത്. ഹരജി സോളിസിറ്റർ ജനറൽ തുഷാർ മേത്ത തുടക്കത്തിലേ എതിർത്തു. കാപ്പനെതിരെ യുഎപിഎ നിയമപ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നിലവിൽ നിയമപ്രകാരമുള്ള കസ്റ്റഡിയിലാണുള്ളതെന്നും ഹേബിയസ് കോർപസ് ഹരജി നിലനിൽക്കില്ലെന്നും തുഷാർ മേത്ത പറഞ്ഞു.