India Kerala

തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട് ലീഗിന് വേണ്ടെന്ന് ലീഗ്

തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട് ലീഗിന് വേണ്ടെന്ന് മുസ്‍‌ലിം ലീഗ്. സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ. കോൺഗ്രസ് പാരമ്പര്യം പറഞ്ഞു പൊന്നാനിയിൽ കോൺഗ്രസുകാരെ കബളിപ്പിക്കാനുള്ള ചിലരുടെ ശ്രമം വിലപ്പോകില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. പൊന്നാനി പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.

യു.ഡി.എഫ് ക്യാമ്പിന് അക്ഷരാർത്ഥത്തിൽ പ്രതീക്ഷ വർധിപ്പിക്കുന്നതായിരുന്നു പൊന്നാനി മണ്ഡലം കൺവെൻഷൻ. ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, തീവ്രവാദസംഘടനകളുടെ വോട്ട് ലീഗിന് വേണ്ടെന്ന് വ്യക്തമാക്കി. മുഖ്യപ്രഭാഷണം നടത്തിയ രമേശ് ചെന്നിത്തല, എൽ.ഡി.എഫ് നെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പരാജയപ്പെട്ട ചരിത്രമാണ് സി.പി.എമ്മിനുള്ളതെന്ന് പറഞ്ഞ ചെന്നിത്തല, ഇടതു സ്ഥാനാർത്ഥിയേയും വിമർശിച്ചു.

പഴയ കോൺഗ്രസ് പ്രവർത്തകൻ കൂടിയായ പി.വി അൻവറിനെ എന്തു വില കൊടുത്തും പരാജയപ്പെടുത്താൻ കോൺഗ്രസ് തന്നെ മുന്നിൽ നിൽക്കുമെന്നാണ് വിവിധ നേതാക്കൾ പ്രഖ്യാപിച്ചത്. വി.ടി ബൽറാം, സി.പി ജോൺ, ആര്യാടൻ മുഹമ്മദ് തുടങ്ങി വിവിധ നേതാക്കൾ പങ്കെടുത്തു. നേതാക്കളുടെയും പ്രവർത്തകരുടെയും ആവേശകരമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കൺവെൻഷൻ, യു.ഡി.എഫ് ക്യാമ്പിന് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു.