Kerala

സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി ഇനി പിഴ വീഴും; ക്യാമറകള്‍ തെളിവ് സഹിതം പൊക്കും

സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി ഇനി പിഴ വീഴും. ജൂണ്‍ നാല് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഓട്ടോമാറ്റിക് ക്യാമറകളും പൊലീസ് വാഹനങ്ങളിലെ ക്യാമറകളുമായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. 

ജൂണ്‍ നാല് മുതലാണ് സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി പിഴവീഴുക. ഓട്ടോമാറ്റിക് ക്യാമറകളും പൊലീസ് വാഹനങ്ങളിലെ ക്യാമറകളുമായിരിക്കും ഇതിനായി ഉപയോഗിക്കുക. റോഡിലെ മഞ്ഞവരകള്‍ ക്രോസ് ചെയ്ത് വാഹനമോടിക്കുന്നതും പാര്‍ക്കിങ് നിയമ ലംഘനങ്ങളും ഇനി ക്യാമറകള്‍ വഴി പിടിക്കും.

ഫൂട്പാത്തിലൂടെ വാഹനമോടിച്ചാലും വ്യക്തതയില്ലാത്ത നമ്പര്‍പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിച്ചാലും ഇനി ക്യാമറ കണ്ണില്‍പ്പെടും. ഭാരപരിശോധനാ കേന്ദ്രങ്ങളില്‍ ട്രക്കുകള്‍ നിര്‍ത്താതിരിക്കല്‍, രാത്രിയിലും മോശം കാലാവസ്ഥയിലും ലൈറ്റ് ഉപയോഗിക്കാതിരിക്കല്‍, മോശം കാലാവസ്ഥയില്‍ വലിയ വാഹനങ്ങള്‍ ലാസ്റ്റ് ട്രാക്കിലൂടെ ഓടിക്കാതിരിക്കല്‍ എന്നിവയും നിയമ ലംഘനമാണ്. ജൂണ്‍ നാലു ഇവക്കെല്ലാം മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്നും ഗതാഗത മര്യാദകള്‍ കര്‍ശനമാക്കുകയാണ് ലക്ഷ്യമെന്നും സൗദി ട്രാഫിക് വിഭാഗം മേധാവി പറഞ്ഞു.