India Kerala

‘എന്റെ വലംകൈ പോയി… അവസാനമായി ഒന്നുകാണണം’; ഉമ്മന്‍ചാണ്ടിക്കായി കാത്തിരുന്ന് ശശികുമാര്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഒരു നാടാകെ വിങ്ങുകയാണ്. രോഗത്തിന്റെ അവശതകള്‍ക്കിടയിലും പഴയ ഊര്‍ജസ്വലമായ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ പലരും ധരിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളില്‍ വൈക്കം സ്വദേശി ശശികുമാറുമുണ്ട്. ഭിന്നശേഷിക്കാരനായ ശശികുമാറിന് സഞ്ചരിക്കാന്‍ വാഹനം അനുവദിച്ച് നല്‍കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ ശശികുമാര്‍ വൈക്കത്ത് നിന്നും പുതുപ്പള്ളിയിലേക്ക് ഓടിയെത്തി. ഇന്നലെ രാവിലെ പുതുപ്പള്ളിയില്‍ എത്തിയ ശശികുമാര്‍ ഇതുവരെ തിരിച്ച് വീട്ടിലേക്ക് പോയിട്ടില്ല.

തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി എത്തുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം അവസാനമായി ഒരുനോക്കുകാണാന്‍ കാത്തിരിക്കുകയാണ് ശശികുമാര്‍. ‘2014നാണ് ഉമ്മന്‍ചാണ്ടി ഈ വാഹനം വാങ്ങിത്തന്നത്. ഇപ്പോള്‍ എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. എന്റെ വലംകയ്യാണ് നഷ്ടപ്പെട്ടത്. പാവങ്ങളുടെ അത്താണിയായിരുന്നു സാര്‍. അങ്ങനെയേ ഞാന്‍ വിളിക്കൂ. ഉമ്മന്‍ചാണ്ടിയെന്ന പേര് വിളിക്കില്ല. ഇന്നലെ വെളുപ്പിനെ മരണവിവരം അറിഞ്ഞപ്പോള്‍ നെഞ്ചില്‍ തീ കോരി ഇടുന്ന പോലെ തോന്നി. കുളിക്കാനും പല്ലുതേക്കാനുമൊന്നും നിന്നില്ല, നേരെ ഇങ്ങോട്ട് പോരുകയായിരുന്നു. അവസാനമായി ഒരുനോക്ക് കാണണം…’ ശശികുമാര്‍ 24നോട് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു. എംസി റോഡ് വഴിയാണു കോട്ടയത്തേക്കുള്ള യാത്ര. ജനനായകാനെ അവസാനമായി ഒരുനോക്ക് കാണാന്‍ ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ ആളുകളുടെ നീണ്ടനിരയാണ്. കോട്ടയം ഡിസിസിയുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. വൈകിട്ട് 6നു ഡിസിസി ഓഫിസിനു മുന്നില്‍ പ്രത്യേക പന്തലില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനു സൗകര്യം ഒരുക്കും. പിന്നീട് തിരുനക്കര മൈതാനത്തു രാത്രി 10 വരെ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ മൃതദേഹമെത്തിക്കും. നാളെ ഉച്ചയ്ക്ക് ഒരുമണിക്കു സംസ്‌കാര ശുശ്രൂഷകള്‍ക്കായി പുതുപ്പള്ളി പള്ളിയിലേക്കു കൊണ്ടുപോകും. പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍.