Kerala

ചോച്ചി അല്ല, കൊച്ചി !’ ട്വിറ്ററാറ്റിയെ ട്രോളി ശശി തരൂർ

ഭാഷ ഹിന്ദിയോ, ബംഗാളിയോ, ഗുജറാത്തിയോ ആകട്ടെ സൗത്ത് ഇന്ത്യൻ ഭക്ഷണമായ ദോശയ്ക്ക് ഇന്ത്യയിലെവിടെയും ആരാധകരേറെയാണ്. ഈ ദോശ എന്നാൽ വലിയ വിവാദത്തിലാണ് ഇപ്പോൾ. വെജിറ്റേറിയൻ ഭക്ഷണമായ ദോശ ‘മുട്ട വെള്ളം’ കൊണ്ട് തയാറാക്കിയെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

‘ചോച്ചി വിമാനത്താവളത്തിൽ ദോശ വേവിക്കാൻ മുട്ട വെള്ളം ഉപയോഗിക്കുന്നു. അവർ മതവിശ്വാസം വച്ച് കളിക്കുകയാണ്’ – ഇതായിരുന്നു മനീഷ് ജെയിൻ എന്ന യുവാവ് ട്വിറ്ററിൽ കുറിച്ചത്.

ട്വീറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ്, കേരള മുഖ്യമന്ത്രി, കൊച്ചി വിമാനത്താവളം എന്നീ പേജുകളും ടാഗ് ചെയ്തു. കേരളത്തിലേക്ക് യാത്ര ചെയ്യുന്ന സസ്യഭുക്കുകളുടേയും ജൈന മതവിശ്വാസികളുടേയും വികാരത്തെ മാനിക്കണമെന്നും മനീഷ് ട്വിറ്ററിൽ കുറിച്ചു.

ഈ ട്വീറ്റാണ് വൈറലായത്. തൊട്ടുപിന്നാലെ മനീഷിനെതിരെ ട്വീറ്റുമായി നിരവധി പേർ രംഗത്ത് വന്നു. കൊച്ചിയെ ചോച്ചി എന്ന് അഭിസംബോധന ചെയ്തതിലുള്ള അമർഷവും ‘ടൺഠാ പാനി’ (തണുത്ത വെള്ളം) എന്നതിന് പകരം ‘അൺടാ പാനി’ ( മുട്ട വെള്ളം) എന്ന് തെറ്റിദ്ധരിച്ചതിലുമുള്ള പരിഹാസവുമായിരുന്നു ട്വീറ്റുകളിൽ നിറയെ. ശശി തരൂർ എംപിയും ഈ വിവാദത്തിന്റെ ചുവട് പിടിച്ച് ട്വീറ്റുമായി രംഗത്തെത്തി.

‘ചോച്ചിയിൽ, ക്ഷുഭിതനായ സസ്യഭിക്ക് വെടി കൊണ്ടത് പോലെ പെരുമാറുന്നു. ടൺഠയ്ക്ക് പകരം അൺടയെന്ന് കേട്ട് വലിയ വിഡ്ഢിത്തമാണ് ഉണ്ടാക്കിയത്. ചോറും വഴുതനങ്ങയും തന്നെ തെരഞ്ഞെടുത്താൽ മതിയായിരുന്നു’- ശശി തരൂർ ട്വീറ്റ് ചെയ്തു.