കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ തുറന്നടിച്ച് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയെന്നും, യുവ നേതാവ് പ്രസിഡന്റായി വരണമെന്നും എം.പി ആവശ്യപ്പെട്ടു. വിമര്‍ശനത്തിന് മറുപടി പറയാതെ മുതിര്‍ന്ന നേതാക്കള്‍ ഒഴിഞ്ഞുമാറി.
കോണ്‍ഗ്രസ് അധ്യക്ഷപദം രണ്ട് മാസമായി ഒഴിഞ്ഞുകിടന്നിട്ടും തെരഞ്ഞെടുപ്പ് നടപടിയിലേക്ക് കടക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ശശി തരൂര്‍ പ്രകടിപ്പിച്ചത്. പരാമര്‍ശം വിവാദമായതിന് പിന്നാല മറ്റെന്നാള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം വിളിച്ചു.
കര്‍ണാടക, ഗോവ അടക്കം പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ രൂക്ഷമാക്കിയത് അധ്യക്ഷനില്ലായ്മയാണ്. പാര്‍ട്ടിയെ കരകറ്റാന്‍ യുവനേതാവ് വരണം. പ്രിയങ്ക ഗാന്ധി വരണമെന്നാണ് ആഗ്രഹം. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാജിവച്ച് പുനസംഘടിപ്പിക്കണം. ബി.ജെ.പിയെ എങ്ങനെ നേരിടണമെന്ന് അറിയാത്ത അവസ്ഥയിലാണ് നേതാക്കളും പ്രവര്‍ത്തകരുമുള്ളതെന്നും ശശി തരൂര്‍ പ്രതികരിച്ചു.
ശശി തരൂരിന്റെ പ്രസ്താവനക്ക് മറുപടി നല്‍കാന്‍ എ.കെ ആന്റണി തയ്യാറായില്ല. അധ്യക്ഷ തെരഞ്ഞെടുപ്പ് നീണ്ടുപോകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, കോൺഗ്രസ് നാഥനില്ലാ കളരിയാണെന്ന പരാമര്‍ശം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും തള്ളിക്കളഞ്ഞു.
കോണ്‍ഗ്രസുകാരന്‍റെ ആശങ്കയാണ് തരൂര്‍ പങ്കുവെച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. പ്രതിഷേധം ശക്തമായതോടെ പ്രവര്‍ത്തക സമിതി ആഗസ്റ്റ് ആദ്യ വാരമോ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും നേരമോ ചേരാനാണ് ആലോചന.