Kerala

സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന; സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.

ഫെബ്രുവരി മുതൽ സ്വപ്‌നാ സുരേഷ് ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്നക്ക് നിയമ സഹായം നൽകുന്നത് ജോർജാണെന്നും സരിത മൊഴി നൽകിയിരുന്നു. പിസി ജോർജുമായി സ്വപ്‌നാ സുരേഷ് നേരിൽ കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നൽകി. താനും സ്വപ്‌നാ സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നൽകി.

നേരത്തെ പിസി ജോർജും സരിതയും തമ്മിൽ സംസാരിക്കുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സരിതയെ കേസിൽ സാക്ഷിയാക്കിയത്. സരിതയുടെ മൊഴി നിർണായകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ ആദ്യമായാണ് ഒരാളുടെ മൊഴി രേഖപ്പെടുത്തുന്നത്.

അതിനിടെ, മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും സ്വപ്ന സുരേഷ് ഉയർത്തുന്ന ആരോപണം തന്നെക്കൊണ്ട് പറയിപ്പിക്കാനായിരുന്നു നീക്കമെന്ന് സരിത ട്വന്റിഫോറിനോട് പറഞ്ഞു. പിസി ജോർജ് വഴിയാണ് നീക്കം നടന്നത്. എന്നാൽ, തെളിവില്ലെന്ന് മനസിലാക്കിയതോടെ താൻ പിന്മാറി. പിസി ജോർജും സ്വപ്ന സുരേഷും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സരിത കൂട്ടിച്ചേർത്തു.

‘ഇന്നലെ മൊഴിയെടുത്തു, പ്രത്യേക അന്വേഷണ സംഘമായിരുന്നു. പിസി ജോർജിന്റെ ഫോൺ സംഭാഷണം ചോർന്ന് പുറത്തുവന്നല്ലോ. അതേപ്പറ്റിയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. പിസി ജോർജ് സംസാരിച്ച കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കാമോ എന്ന് ചോദിച്ചു. അത് വിവരിച്ചു. ഗൂഢാലോചന എന്നുപറയാൻ കാരണം, അവരുടെ കയ്യിൽ തെളിവില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം ജയിലിൽ വച്ച് ഇവര് ഒളിച്ചുസംസാരിക്കുന്നുണ്ടായിരുന്നു. തെളിവില്ലാത്തതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് ഇവർ പറഞ്ഞിരുന്നു. രണ്ടാമത്, മുഖ്യമന്ത്രിക്ക് പങ്കില്ല, ശിവശങ്കറിനാണ് പങ്കെന്നും പറഞ്ഞിരുന്നു. എന്നാൽ, ശിവശങ്കറിനെതിരെ പോലും ഒന്നും സംസാരിക്കാൻ തന്റെ കയ്യിലില്ല എന്നും പറഞ്ഞു.’ സരിത എസ് നായർ 24നോട് പ്രതികരിച്ചു.