Kerala

ലൈഫ് മിഷൻ കേസ്; സരിത്ത് ഇന്ന് വിജിലൻസിന് മുന്നിൽ ഹാജരാകില്ല

സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്ത് ഇന്ന് തിരുവനന്തപുരം വിജിലൻസിന് മുന്നിൽ ഹാജരാകില്ല. വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി വിജിലൻസ് എസ്പിക്ക് സരിത്ത് ഇമെയിൽ അയച്ചിരുന്നു. പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചപ്പോൾ ഇന്ന് ഹാജരാകാനാണ് വിജിലൻസ് നോട്ടിസ് നൽകിയത്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് സരിത്തിന് നോട്ടിസ് നൽകിയത്. പിടിച്ചെടുത്ത ഫോണിന്റെ പരിശോധനയ്ക്കും സരത്തിന്റെ സാന്നിധ്യം ആവശ്യമാണ്.

ജയിലിൽ കഴിയവേ ഈ കേസുമായി ബന്ധപ്പെട്ട് സരിത്തിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സിബിഐയും സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ കരാറുമായി ബന്ധപ്പെട്ട് കമ്മീഷൻ കൈപ്പറ്റിയെന്നാണ് കേസ്. സരിത്തിന് പുറമേ, സ്വപ്നയും സന്ദീപ് നായരും എം ശിവശങ്കറും കേസിലെ പ്രതികളാണ്.

അതേസമയം സ്വപ്‌ന സുരേഷ് നല്‍കിയ ശബ്ദരേഖയില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി ഷാജ് കിരണ്‍ രംഗത്തുവന്നിരുന്നു. താന്‍ സര്‍ക്കാരിന്റെ ദൂതനല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം. താന്‍ ഡിജിപിക്ക് നല്‍കിയ പരാതിപ്രകാരമുള്ള എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് വിശദീകരിച്ചിട്ടുണ്ട്. വിശദമായ മൊഴിയാണ് അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ കൈമാറിയിട്ടില്ല.തെളിവുകള്‍ സമയത്തിന് നല്‍കുമെന്നും ഷാജ് കിരണ്‍ കൂട്ടിച്ചേര്‍ത്തു.

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ കേരളം വിട്ട ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും മൊഴി നല്‍കുന്നതിനായി ഇന്നലെ രാവിലെയാണ് മടങ്ങിയെത്തിയത്. കൊച്ചിയിലെത്തിയ ഷാജിനെ അന്വേഷണസംഘം ഇന്നലെ ആറ് മണിക്കൂറാണ് ചോദ്യം ചെയ്തത്.

സര്‍ക്കാരിന്റെ ദൂതനായി ഷാജ് കിരണും ഇബ്രാഹിമും എത്തി വിലപേശാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം. സരിത്തിനേയും അഭിഭാഷകനേയും കുടുക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞത് ഇപ്പോള്‍ സത്യമാകുകയാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു.