Kerala

സ്വര്‍ണക്കടത്ത്; എം ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്തിന്റെ മൊഴി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന് അറിയാമെന്ന് കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ മൊഴി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന് അറിയാമെന്ന് കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ മൊഴി. ദീര്‍ഘകാലമായി ശിവശങ്കറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, നടന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ശിവശങ്കറിന് അറിയാമെന്നും സരിത്ത് എന്‍ഐഎയ്ക്ക് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം എം ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്‌തേക്കും.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസ് പ്രിതികളായ സ്വപ്നയെയും സന്ദീപിനെയും തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിലെത്തിച്ച് എന്‍.ഐ.എ തെളിവെടുപ്പ് നടത്തുന്നുണ്ട്. സ്വര്‍ണ്ണക്കടത്തിന് ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന ഹെതര്‍ ഫ്ലാറ്റിലും സന്ദീപിന്റെ അരുവിക്കരയിലെ വീട്ടിലും സ്വപ്നയുടെ ഫ്ലാറ്റിലും എന്‍.ഐ.എ സംഘം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വപ്നയുടെ പിടിപി നഗറിലെ വാടക വീട്ടിലും അന്വേഷണ സംഘം എത്തിയിരുന്നു. എന്‍.ഐ.എയില്‍ വിശ്വാസമുണ്ടെന്ന് തെളിവെടുപ്പിനിടെ സന്ദീപ് നായര്‍ പറഞ്ഞു.