India Kerala

മദ്രസ അധ്യാപകനെ ആക്രമിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ പിടികൂടാത്തതില്‍ പ്രതിഷേധം

കാസര്‍കോട് ബായറില്‍ സംഘ്പരിവാര്‍ സംഘം മദ്രസാ അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താല്‍ ദിനത്തിലാണ് മദ്രസാ അധ്യാപകനായ കരീം മൌലവി ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് രണ്ടാഴ്ച കഴിയുമ്പോഴും മുഴുവന്‍ പ്രതികളെയും പിടികൂടാനാവാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‍ലിം സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

ഹര്‍ത്താല്‍ ദിനത്തില്‍ നാല്‍പതോളം വരുന്ന സംഘ്പരിവാര്‍ സംഘമാണ് ബായാര്‍ മുളിഗദ്ദെയിലെ കരീം മൌലവിയെ മാരകമായി ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കരീം മൌലവി കഴിഞ്ഞ 13 ദിവസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം അടക്കം ലഭിച്ചിട്ടും മുഖ്യ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. അഞ്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ മാത്രമാണ് പൊലീസ് ഇതുവരെയായി അറസ്റ്റു ചെയ്തത്. സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ മുസ്‍ലിം സംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ടും സമസ്തയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ടും മഞ്ചേശ്വരം ഹൊസങ്കടയില്‍ പ്രതിഷേധ സംഗമം നടത്തും. സംഘ്പരിവാര്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കരീം മൌലവിയ്ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി ആവശ്യപ്പെട്ടു.