HEAD LINES Kerala

അനില്‍കുമാറിന്റെ പരാമര്‍ശം ഇസ്ലാമിക ചിട്ടകള്‍ക്കെതിരെയുള്ള ഒളിയമ്പ്; സിപിഐഎമ്മിനെതിരെ സമസ്ത

തട്ടമിടല്‍ പരാമര്‍ശത്തില്‍ സിപിഐഎം നേതാവ് അനില്‍കുമാറിനെതിരെ സമസ്ത. തട്ടം മാറ്റലാണ് പുരോഗതിയെന്ന് വിശ്വസിക്കുന്നില്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ശിരോവസ്ത്രവും ഹിജാബും ധരിച്ച് ലോകത്ത് ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നവരുണ്ടെന്ന് സമസ്ത നേതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ഇന്ത്യയില്‍ മതം ഉള്‍ക്കൊള്ളാനും നിഷേധിക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇസ്ലാമിക ചിട്ടകള്‍ക്കെതിരെയുള്ള ഒളിയമ്പാണ് സിപിഐഎം നേതാവിന്റെ പ്രസ്താവനയെന്ന് അബ്ദു സമദ് പൂക്കോട്ടൂര്‍ വിമര്‍ശിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുളള സിപിഎം നീക്കത്തിന്റെ ഇരട്ടത്താപ്പ് പുറത്തായി എന്നും അദ്ദേഹം പറഞ്ഞു. തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു അനില്‍കുമാറിന്റെ പ്രസ്താവന.

യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം ഉണ്ടായത്. പരാമര്‍ശം വിവാദമായതോടെ മുസ്ലിം സംഘടനകള്‍ അനില്‍കുമാറിന്റെ രംഗത്തെത്തിയിരിക്കുകയാണ്. അനില്‍കുമാര്‍ മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികളെ അപമാനിച്ച് നടത്തിയ പ്രസംഗം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.