Kerala

‘ഇന്നസെന്റ് ചേട്ടന് ആദരാഞ്ജലി അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും വിശ്വസിക്കുന്നില്ല’; സലിംകുമാര്‍

കല്യാണരാമന്‍, തുറുപ്പുഗുലാന്‍, കഥ പറയുമ്പോള്‍, മേരിക്കുണ്ടൊരു കുഞ്ഞാട് മുല്ല, ഡ്രൈവിങ് ലൈസന്‍സ്, ഉദയപുരം സുല്‍ത്താന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് പ്രതിഭ തെളിയിച്ച താരങ്ങളാണ് നടന്‍ ഇന്നസെന്റും സലിംകുമാറും. ഹാസ്യകഥാപാത്രങ്ങളായും അഭ്രപാളികളില്‍ പ്രേക്ഷകരുടെ കണ്ണ് നനയിച്ചും വേഷപ്പകര്‍ച്ചകള്‍ പകര്‍ന്നാടിയ ഇന്നസെന്റിന്റെ ഓര്‍മകള്‍ പങ്കുവക്കുകയാണ് സലിംകുമാര്‍. ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കുന്നില്ല, അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല എന്നാണ് സലിം കുമാര്‍ കുറിച്ചത്. നമുക്കാര്‍ക്കും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിന് പോയതാണ് അദ്ദേഹമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വികാരഭരിതമായ കുറിപ്പില്‍ സലിംകുമാര്‍ പറഞ്ഞു.( Salim Kumar about Innocent death)

ഇന്നസെന്റിനെ കുറിച്ച് സലിംകുമാര്‍

‘ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീര്‍ന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളില്‍ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികള്‍ ഓര്‍മ്മകളുടെ നനുത്ത കാറ്റില്‍ ജീവിതാവസാനം വരെ നമ്മളില്‍ പെയ്തുകൊണ്ടേയിരിക്കും. ഇന്നസെന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല,
മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനുമുണ്ട്‌ ആ സിനിമയില്‍ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാന്‍ പറ്റില്ലലോ.
എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള ഇന്നസെന്റ് എന്ന പേര് ഇനി മുതല്‍ വരില്ല എന്നോര്‍ക്കുമ്പോള്‍……..’.

ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഇന്നസെന്റിന് ലഭിച്ചു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും മറ്റ് നിരവധി അംഗീകാരങ്ങളും ഇന്നസെന്റിനെ തേടിയെത്തി. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് പതിനഞ്ച് വര്‍ഷം തുടര്‍ന്നു. 2014ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.