Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വെയ്ക്കുന്നത് തുടരാന്‍ മന്ത്രിസഭ തീരുമാനം

സെപ്തംബര്‍ 1 മുതല്‍ ആറ് മാസത്തേക്കു കൂടിയാണ് തുടരുന്നത്. നേരത്തെ മാറ്റി വെച്ച അ‍ഞ്ച് മാസത്തെ ശമ്പളം ഏപ്രിലില്‍ പിഎഫില്‍ ലയിപ്പിക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വെയ്ക്കുന്നത് തുടരാന്‍ മന്ത്രിസഭ തീരുമാനം. സെപ്തംബര്‍ 1 മുതല്‍ ആറ് മാസത്തേക്കു കൂടിയാണ് തുടരുന്നത്. നേരത്തെ മാറ്റി വെച്ച അ‍ഞ്ച് മാസത്തെ ശമ്പളം ഏപ്രിലില്‍ പിഎഫില്‍ ലയിപ്പിക്കും.20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കാനും തീരുമാനിച്ചു.

കഴിഞ്ഞ അഞ്ച് മാസം പിടിച്ച തുക പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരും. ഇതിനാലാണ് പിടിച്ച തുക ഏപ്രില്‍ ഒന്നിന് പിഎഫില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്.പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും.ശമ്പളം മാറ്റിവയ്ക്കല്‍ സെപ്തംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരാനും തീരുമാനിച്ചു. ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. മാറ്റിവയ്ക്കുന്ന ശമ്പളത്തിന് ‘കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്കീം’ എന്ന് പേര് നല്‍കാനാണ് തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

പി.എഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ 1-നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നല്‍കും.ഇപ്പോള്‍ മാറ്റി വെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കും എന്ന വ്യവസ്ഥയില്‍ സെപ്തംബര്‍ മാസം മുതല്‍ അനുവദിക്കാനും തീരുമാനിച്ചു. 20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കും. 5 വര്‍ഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാല്‍ കല്‍പ്പിത രാജി ആയി പരിഗണിക്കും.നിലവില്‍ അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തില്‍ ഇത് ബാധകമല്ല.