India Kerala

സക്കറിയയെ കൊന്ന് സ്വത്ത് തട്ടാനും ജോളി പദ്ധതിയിട്ടു, കൂടുതല്‍ തെളിവുകള്‍ പുറത്ത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയില്‍നിന്ന് പൊലീസിന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സക്കറിയയെയും കൊലപ്പെടുത്തി ഇവരുടെ പേരിലുളള സ്വത്ത് തട്ടാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു എന്ന് ജോളി മൊഴി നല്‍കിയെന്ന വിവരം പുറത്തുവന്നു. ഷാജുവിനെ രണ്ടാമത് വിവാഹം ചെയ്തശേഷം സക്കറിയയുമായി അടുത്തബന്ധം ജോളി പുലര്‍ത്തിയിരുന്നു.

സക്കറിയയുടെ രണ്ട് മക്കളില്‍ ഒരാളാണ് ഷാജു. ഷാജുവിനെ കൂട്ടുപിടിച്ച്‌ സക്കറിയയുടെ സ്വത്തിന്റെ വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടാനായിരുന്നു ജോളിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ റോജോ നല്‍കിയ പരാതിയെ തുടര്‍ന്ന് പദ്ധതികള്‍ ഓരോന്നായി പൊളിയുകയായിരുന്നു. ജോളിയെയും രണ്ട് കൂട്ടുപ്രതികളേയും കസ്റ്രഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്ന് അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കും. മൂന്ന് പേരെയും 5 ദിവസത്തേക്ക്കൂടി കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ സംഘം ഇന്നുതന്നെ കോടതിയില്‍ ഹര്‍ജി നല്‍കും. ഇക്കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനമുണ്ടായേക്കും.

പിതാവിന്റെയും മാതാവിന്റെയും മരണത്തില്‍ സംശയം തോന്നിയ റോജോവിന്റെ മൊഴി എടുക്കല്‍ ഇന്നും തുടരുകയാണ്. രാവിലെ എട്ടരമുതല്‍ വടകര റൂറല്‍ എസ്.പി ഓഫീലാണ് മൊഴി എടുക്കുന്നത്. പൊന്നാമറ്റത്തെ ദുരൂഹ മരണങ്ങള്‍ക്കുശേഷം താനോ തന്റെ സഹോദരിയോ അവിടെ നിന്ന് ഭക്ഷമോ വെള്ളമോ കഴിയ്‌ക്കാറില്ലായിരുന്നുവെന്ന് റോജോ തോമസ് അന്വേഷണ സംഘത്തോട് വ്യക്തമാക്കി. തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാന്‍ ശ്രമിച്ചിരുന്നെന്നു റോജോ തോമസ് പൊലീസില്‍ മൊഴി നല്‍കി. നാട്ടില്‍ വരുമ്ബോള്‍ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ നല്‍കിയ മൊഴിയില്‍ പറയുന്നു. ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് റോജോ താമസിച്ചിരുന്നത്.

ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നല്‍കിയ മൊഴി. ലിറ്റര്‍ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണ നിലയിലായത്. രഞ്ജിയുടെ മകളെയും ജോളി വധിക്കാന്‍ ശ്രമിച്ചതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അതിനിടെ ഷാജുവിന്റെ ആദ്യ ഭാര്യ മരിച്ച സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ എവിടെ എന്ന ചോദ്യം ബന്ധുക്കള്‍ ഉന്നയിച്ചിട്ടുണ്ട്. 40 പവനോളം സ്വര്‍ണാഭരണങ്ങള്‍ സിലിയുടെ പക്കല്‍ ഉണ്ടായിരുന്നെന്നാണ് ബന്ധു സേവ്യര്‍ പറയുന്നത്. സിലിയുടെ മൃതദേഹത്തില്‍നിന്ന് ആഭരണങ്ങള്‍ ഊരിമാറ്റി ഷാജുവിനെ ആശുപത്രി ജീവനക്കാര്‍ ഏല്‍പ്പിച്ചിരുന്നതായും പറയുന്നു.

എന്നാല്‍ ആഭരണങ്ങള്‍ പള്ളിയിലെ കാണിക്കവഞ്ചിയില്‍ നിക്ഷേപിച്ചെന്നാണ് ഷാജു വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. പള്ളിയിലെ കാണിക്ക വഞ്ചിയില്‍ ഇത്രയും സ്വര്‍ണം ഉണ്ടായിരുന്നു എങ്കില്‍ സ്വാഭാവികമായും അത് ഇടവകയില്‍ ചര്‍ച്ചയാവുമായിരുന്നു. അങ്ങനെ ഉണ്ടായിട്ടുമില്ല. സ്വര്‍ണം ഇപ്പോഴും ഷാജുവിന്റെയും ജോളിയുടേയും കസ്റ്റഡിയിലാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ജോളി തന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും റോജോ ഇന്നലെ വ്യക്തമാക്കിയിരുന്നു.