India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; അറസ്റ്റിലായ സി.പി.ഒ സജീവ് ആന്റണിയെ റിമാന്‍ഡ് ചെയ്തു, കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സി.പി.ഒ സജീവ് ആന്റണിയെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്തു. രാത്രി 11.30 ഓടെയാണ് പീരുമേട് കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അറസ്റ്റിലായ എസ്.ഐ സാബു ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുകയാണ് .കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. സസ്പെന്‍ഷനിലായ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും.

എസ്.ഐ സാബു, സി.പി.ഒ സജീവ് എന്നിവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

സാക്ഷി മൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ സാബുവിനെയും സി.പി.ഒ സജീവിനെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു. ചിട്ടി തട്ടിപ്പിലെ പണം കണ്ടെത്താന്‍ വേണ്ടിയാണ് പൊലീസ് രാജ് കുമാറിനെ മര്‍ദ്ദിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.