India Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സാജന്റെ ഭാര്യ പരാതി നല്‍കി

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി നിലവിലെ അന്വഷണത്തില്‍ വിശ്വാസമില്ലെന്നും യഥാര്‍ഥ കുറ്റക്കാരെ രക്ഷപെടുത്താന്‍ അന്വേഷണ സംഘം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഇന്ന് എസ്.പിക്ക് പരാതി നല്കി.

കുറ്റക്കാരായ നഗരസഭാ അധികൃതരെ രക്ഷപെടുത്താന്‍ പോലീസ് അന്വേക്ഷണത്തിന്റെ ഗതി തിരിച്ചുവിടുന്നു എന്നാരോപിച്ചാണ് സാജന്റെഷ ഭാര്യ ബീന കേസില്‍ സി.ബി.ഐ അന്വേക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്.ഡ്രൈവറും താനും തമ്മില്‍ അരുതാത്ത ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് മകള്‍ മൊഴി നല്‍കിയെന്നുമാണ് പ്രചരണം.സി.പി.എം മുഖപത്രമടക്കമുളള ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് തന്നെയും കുടുംബത്തെയും തോജോവധം ചെയ്യാനാണ് ശ്രമം നടക്കുന്നത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. നിലവിലുളള ഉദ്യോഗസ്ഥരുടെ അന്വേഷണം തൃപ്തികരമല്ലെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും ബീന പരാതിയില്‍ ആവശ്യപ്പെടുന്നു. ഇതിനിടെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ചില കേന്ദ്രങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കുവെന്നാരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസ് ഇന്ന് എസ്.പിക്ക് പരാതി നല്‍കും. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ എന്ന നിലയില്‍ വ്യാജ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നുവെന്നാണ് ഡി.വൈ.എസ്.പിയുടെ പരാതി.