ഭൗതിക പശ്ചാത്തലമല്ല നിശ്ചയദാർഢ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ സിവിൽ സർവീസ് നേടാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് പി.മുഹമ്മദ് സജാദ്. തന്റെ അഞ്ചാമത്തെ പരിശ്രമത്തിലാണ് മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഈ ഇരുപത്തിയേഴുകാരൻ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. സംസ്ഥാനത്ത് മുസ്‍ലിം വിഭാഗത്തിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയതും സജാദാണ്.
അബ്ദുൾ റഹ്മാൻ ഖാദിയ ദമ്പതികളുടെ നാല് മക്കളിൽ മൂത്തവൻ. അധ്യാപകനായിരുന്ന പിതാവാണ് ഐ.എ.എസ് എന്ന മോഹത്തിന് തുടക്കമിട്ടത്. ജീവിതത്തിലൂടെ കടന്നുപോയ പലരും പിന്നീട് പ്രചോദനമായിട്ടുണ്ടെന്ന് സജാദ് പറയുന്നു. പഠിച്ചത് സോഷ്യോളജി ആയിരുന്നെങ്കിലും മലയാള സാഹിത്യമാണ് സിവിൽ സർവീസിനായി വിഷയമാക്കിയത്. 390 ആം റാങ്കാണ് ലഭിച്ചത്. ഐ.എ.എസ് കിട്ടുമെന്ന് ഉറപ്പുണ്ട്. കേരള കേഡറിൽ ജോലി ചെയ്യാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യമായിട്ടാകും ഈ ചെറുപ്പക്കാരൻ കരുതുക.