Kerala

‘വിലായത്ത് ബുദ്ധ’ സിനിമയാക്കണമെന്ന മോഹം ബാക്കി വച്ച് യാത്ര; മലയാളികളുടെ പ്രിയ സച്ചി ഓർമയായിട്ട് രണ്ട് വർഷം

സംവിധായകനും തിരക്കഥാക്കൃത്തുമായിരുന്ന കെ ആർ സച്ചിദാനന്ദൻ ഓർമയായിട്ട് രണ്ട് വർഷം. കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ ചുരുങ്ങിയകാലം കൊണ്ട് സച്ചിയെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകനാക്കി.

പുതിയകാലത്തെ ഏറ്റവും പ്രതിഭാധനനായ സംവിധായകൻ. അങ്ങനെയാണ് ചലച്ചിത്രപ്രേമികൾ സച്ചിയെ വിശേഷിപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല ചിത്രങ്ങൾ. എഴുത്തും സംവിധാനവും ഒരുപോലെ വഴങ്ങിയ ചലച്ചിത്രകാരൻ. സൗഹൃദവും സ്‌നേഹവും ഹൃദയത്തിൽ സൂക്ഷിച്ച സച്ചി പരിചയപ്പെട്ടവർക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു.

സേതുവിനൊപ്പം ചോക്ലേറ്റ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണ് സച്ചി സിനിമയിലെത്തുന്നത്. പിന്നീട് സച്ചി സേതു കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് സിനിമകൾ പിറന്നു. ചോക്ലേറ്റ്, റോബിൻഹുഡ് , മേക്കപ്പ്മാൻ, സീനിയേഴ്‌സ്…ഇങ്ങനെ നീളുന്നു. പിന്നീട് ഇരുവരും കൂട്ടുകെട്ട് പിരിഞ്ഞു. സച്ചി സ്വതന്ത്രമായി തിരക്കഥയെഴുതി. റൺ ബേബി റൺ, രാം ലീല, ഷെർലക്ക് ടോംസ് തുടങ്ങി ഏഴ് ചിത്രങ്ങളാണ് സച്ചിയുടെ തൂലികയിൽ വിരിഞ്ഞത്.

2015ലാണ് സച്ചി സംവിധാനരംഗത്തേക്ക് കടന്നത്. ആദ്യം സംവിധാനം ചെയ്ത് ചിത്രം അനാർക്കലിയായിരുന്നു. അയ്യപ്പനും കോശിയുമാണ് സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ. കഥയും തിരക്കഥയും സച്ചി തന്നെ. ജിആർ ഇന്ദുഗോപന്റെ നോവൽ വിലായത്ത് ബുദ്ധ സിനിമയാക്കണമെന്ന മോഹം ബാക്കി വച്ചാണ് സച്ചി യാത്രയായത്.