Kerala

ഞങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ ഇതാകില്ല ചിത്രം:സാബു എം ജേക്കബ്

തങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ചിത്രം മറ്റൊന്നാകുമായിരുന്നെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ഇടതും വലതുമല്ലാതെ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ മറ്റൊരു ഓപ്ഷനില്ല എന്നതിനാലാണ് ഉമ തോമസ് വിജയിച്ചതെന്ന് സാബു എം ജേക്കബ് പറഞ്ഞു. കോണ്‍ഗ്രസിനെ സഹായിക്കാനല്ല ട്വന്റി ട്വന്റി മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന വിശ്വാസത്തിലാണ് മാറി നിന്നതെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.

‘ട്വന്റി ട്വന്റി മത്സരിക്കാത്തതുകൊണ്ട് പലരും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത സാഹചര്യമുണ്ടായി. ആര്‍ക്ക് വോട്ടുചെയ്തിട്ടും കാര്യമില്ല എന്ന് ഒരു വിഭാഗം ജനങ്ങള്‍ക്ക് തോന്നലുണ്ടായി. ആരെയും സഹായിക്കാനല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. ആരെയും പ്രീതിപ്പെടുത്തേണ്ട കാര്യം ഞങ്ങള്‍ക്കില്ല. ഇഷ്ടമുണ്ടായിട്ടല്ല ജനം ഏതെങ്കിലും മുന്നണിക്ക് വോട്ടുചെയ്യുന്നത്. വേറെ ഓപ്ഷനില്ലാത്ത നിവൃത്തികേടുകൊണ്ടാണ്. ട്വന്റി ട്വന്റി മത്സര രംഗത്തുണ്ടായിരുന്നെങ്കില്‍ ചിത്രം മാറിയേനെ’. സാബു എം ജേക്കബ് പറഞ്ഞു.