കോഴിക്കോട് കൂടരഞ്ഞി പുഷ്പഗിരി ലിറ്റില്‍ ഫ്ലവര്‍ പള്ളിയുടെ സെമിത്തേരി സഭാ നേതൃത്വം തന്നെ ഇടിച്ചുനിരത്തി. ചില വിശ്വാസികളുടെ എതിര്‍പ്പ് വകവെക്കാതെയാണ് കല്ലറകള്‍ പൊളിച്ച് കളഞ്ഞത്. പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന പള്ളിയും, കോണ്‍വെന്റും, സ്കൂളുകളും മുമ്പ് സഭാ നേത്യത്വം സ്ഥലത്ത് നിന്ന് മാറ്റിയിരുന്നു. താമരശ്ശേരി രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരിങ്കല്‍ ഖനനം നടത്തുന്നതിന് വേണ്ടിയാണ് സെമിത്തേരിയടക്കം മാറ്റിയതെന്നാണ് വിവരം.
അഞ്ചാറ് വര്‍ഷം മുമ്പ് വരെ പുഷ്പഗിരി മരംഞ്ചോട്ടി റോഡിന് സൈഡില്‍ താമരശ്ശേരി രൂപതയുടെ നേതൃത്വത്തിലുള്ള ലിറ്റില്‍ ഫ്ലവര്‍ പള്ളിയും, കോണ്‍വെന്റും, ബാലഭവനും, സ്കൂളുമുണ്ടായിരുന്നു. പിന്നീട് ഓരോന്നോരോന്നായി പൊളിച്ച് നീക്കുകയും, പ്രദേശത്ത് നിന്ന് മാറ്റുകയും ചെയ്തു. അവശേഷിച്ചിരുന്നത് സെമിത്തേരിയായിരുന്നു. അതും കഴിഞ്ഞ ദിവസം ഇടിച്ച് നിരത്തി.
ചിലയാളുകള്‍ മൃതദേഹ അവശിഷ്ടങ്ങള്‍ പുതിയ സെമിത്തേരിയിലേക്ക് നീക്കിയെങ്കിലും മറ്റ് ചിലര്‍ക്ക് അതിനുള്ള അവസരം പോലും കിട്ടിയില്ല. സെമിത്തേരിയടക്കം പൊളിച്ച സ്ഥലത്തിന് ചേര്‍ന്ന സഭയുടെ ഉടമസ്ഥതയിലുള്ള സഥലത്ത് മുമ്പ് കരിങ്കല്‍ ഖനനം നടന്നിരുന്നു. അത് പുനരാരംഭിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.