India Kerala

പരാതികള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സഭ; സഭ മാപ്പ് പറഞ്ഞാൽ കേസും പിൻവലിക്കാമെന്ന് സിസ്റ്റര്‍ ലൂസി

സഭക്കെതിരായ പരാതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും എഫ്.സി.സി മദര്‍ സുപ്പീരിയറിന്റെ കത്ത്. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കത്തില്‍ പറയുന്നു. നിരുപാധികം മാപ്പ് പറഞ്ഞ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

എന്നാല്‍ സഭ മാപ്പ് പറയേണ്ടത് തന്നോടാണെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. താൻ മാപ്പ് പറയാൻ തെറ്റ് ചെയ്തിട്ടില്ല. വലിയ ഒറ്റപ്പെടലാണ് നേരിടുന്നത്. സഭ മാപ്പ് പറഞ്ഞാൽ കേസും പിൻവലിക്കാം. എഫ്.സി.സിയുടെ കത്തിന് ഉടൻ മറുപടി നൽകുമെന്നും തെറ്റ് ചെയ്യാത്തിടത്തോളം കാലം ഭയപ്പെടില്ലെന്നും സിസ്റ്റര്‍ മീഡിയവണിനോട് പറഞ്ഞു.