India Kerala

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാന്‍ ശബരിമല കര്‍മസമിതി

കോഴിക്കോട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന്റെ അറസ്റ്റ് മുന്‍നിര്‍ത്തി ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാന്‍ ശബരിമല കര്‍മസമിതി. അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നാമജപ യാത്ര സംഘടിപ്പിച്ചു. ഈ വിഷയം ഉയര്‍ത്തിക്കാട്ടി കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ ഉടനീളം ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

ചിത്തിര ആട്ട വിശേഷ ദിവസം ശബരിമലയില്‍ സ്ത്രീയെ അക്രമിച്ചെന്ന കേസിലാണ് കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബു അറസ്റ്റിലായത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കോഴിക്കോട് നഗരത്തില്‍ ശബരിമല കര്‍മസമിതി നാമജപയാത്ര സംഘടിപ്പിച്ചത്. ശബരിമലയില്‍‍ യുവതികളെ കയറ്റിയത് നവോത്ഥാന നടപടിയാണെങ്കില്‍ അത് ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സി.പി.എം തയ്യാറാകണമെന്ന് കര്‍മസമിതി നേതാവ് വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. കോണ്‍ഗ്രസും വിശ്വാസികളെ ചതിക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. പ്രകാശ് ബാബുവിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടി കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് കര്‍മസമിതി.