India Kerala

ശബരിമല സ്ത്രീ പ്രവേശം; സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഒരു പുരുഷന്‍ കൂടി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ഒരു പുരുഷന്‍ കൂടി. തമിഴ്‌നാട് വില്ലുപുരം സ്വദേശി ദേവശിഖാമണിയാണ് യുവതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ദേവശിഖാമണി ശബരിമലയിലെത്തിയത് ഡിസംബര്‍ 17നാണെന്ന് സുഹൃത്ത് ബാലാജി മീഡിയവണിനോട് പറഞ്ഞു. അതേ സമയം ദര്‍ശനം നടത്തിയവരുടെ പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത് വലിയതോതിലുള്ള സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലിയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസം ശബരിമലയില്‍ പ്രവേശിച്ച യുവതികളുടേതെന്ന് കാണിച്ചാണ് 51 പേരുടെ പട്ടിക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ പട്ടികയില്‍ 50 വയസ്സിന് താഴെ പ്രായം രേഖപ്പെടുത്തിയ പലര്‍ക്കും പ്രായം 50ന് മുകളിലാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിനടിയിലാണ് പട്ടികയില്‍ യുവതിയെന്ന് പേര് രേഖപ്പെടുത്തിയ ദേവശിഖാമണി പുരുഷനാണെന്ന വാര്‍ത്ത പുറത്തുവന്നത്.

51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; യുവതികളുടെ പ്രായത്തില്‍ സര്‍ക്കാര്‍ പട്ടികയില്‍ അവ്യക്തത

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് മടക്കി അയച്ചു

ഇന്നലെയും സമാനമായ രീതിയില്‍ പട്ടികയില്‍ ഉള്‍പ്പെട്ട ചെന്നൈ സ്വദേശിയായ പരംജ്യോതി പുരുഷനാണെന്ന് കണ്ടെത്തിയിരുന്നു. ശബരിമലയിലെത്തിയ സ്ത്രീകള്‍ക്ക് നേരെ വലിയതോതിലുള്ള ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പലര്‍ക്കും പൊലീസ് കര്‍ശന സുരക്ഷ നല്‍കി. ഇതിനിടയിലാണ് ദര്‍ശനം നടത്തിയെന്ന് കാണിച്ച് 51 പേരുടെ നമ്പരും വിലാസവും ഉള്‍പ്പെടുത്തിയ പട്ടിക പുറത്തു വിട്ടിരിക്കുന്നത്. ഈ നീക്കം ഇവരുടെ സുരക്ഷയെ ബാധിക്കുമെന്നാണ് വിലിയിരുത്തപ്പെടുന്നത്.