പൊലീസ് സംരക്ഷണയിൽ ഒരു യുവതിയേയും ശബരിമലയിൽ കയറ്റില്ലെന്ന് വ്യക്തമാക്കി സർക്കാർ. കോടതി വിധിയിൽ അവ്യക്തതയുണ്ടെന്നും, മലയ്ക്ക് പോകേണ്ടവർ വ്യക്തമായ കോടതി ഉത്തരവുമായി വരട്ടെയെന്നുമാണ് സർക്കാർ നിലപാട്. സമാധാനപരമായി മണ്ഡലകാലം നടക്കുന്നതിനിടയിൽ തൃപ്തി ദേശായി വന്നതിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രിമാരായ എ.കെ ബാലനും, കടകംപള്ളി സുരേന്ദ്രനും ആരോപിച്ചു.
സുപ്രിംകോടതി വിധിയിൽ അവ്യക്തതയുള്ളത് കൊണ്ട് നിലവിൽ ഒരു സ്ത്രീയ്ക്കും സംരക്ഷണം നൽകി ശബരിമലയിൽ എത്തിക്കേണ്ടെന്നാണ് സർക്കാർ നിലപാട്. വിധിയിൽ കോടതിക്ക് പോലും അവ്യക്തതയുണ്ട്. വ്യക്തത ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിക്കില്ലെന്ന് നിയമമന്ത്രി എ.കെ ബാലൻ പ്രതികരിച്ചു. പ്രശ്നങ്ങളില്ലാതെ മണ്ഡലകാലം നടക്കുന്നതിനിടയിൽ തൃപ്തി ദേശായി എത്തിയതിൽ സർക്കാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സംഘ പരിവാറിലേക്ക് വിരൽ ചൂണ്ടുന്നതായിരിന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ശബരിമലയുടെ പേരിൽ ആരെങ്കിലും സംഘർഷമുണ്ടാക്കിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന നിർദ്ദേശം പൊലീസിനും സർക്കാർ നൽകിയിട്ടുണ്ട്.