India Kerala

ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സര്‍ക്കാര്‍; പ്രായത്തില്‍ അവ്യക്തത

51 യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ദര്‍ശനം നടത്തിയ 51 പേരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദര്‍ശനം നടത്തിയവരില്‍ കൂടുതലും ആന്ധ്ര, തമിഴ്നാട് സ്വദേശികളാണ്. ശബരിമല ദര്‍ശനത്തിന് ശേഷം ഭീഷണി നേരിടുന്ന കനകദുര്‍ഗക്കും ബിന്ദുവിനും സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഓൺലൈൻ സംവിധാനം ഉപയോഗിച്ചാണ് 51 യുവതികൾ ദര്‍ശനത്തിനെത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത് രേഖകൾ പ്രകാരമുള്ള വിവരമാണ്. ആരു കടന്നു പോയി എന്ന് വ്യക്തമായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.

സാധാരണ ജീവിതത്തിന് കൂടുതൽ സുരക്ഷ വേണ്ടതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് ശബരിമല ദര്‍ശനം നടത്തിയ ബിന്ദു. സുരക്ഷ നല്‍കണമെന്ന വിധിയില്‍ സന്തോഷമുണ്ട്. കൂടുതൽ ആളുകൾ ശബരിമലയിലെത്തിയിട്ടുണ്ടാകാമെന്നും ഭയം കാരണമാകും പുറത്ത് പറയാത്തതെന്നും ബിന്ദു കണ്ണൂരില്‍ പറഞ്ഞു.

എന്നാല്‍, ശബരിമലയില്‍ 51 സ്ത്രീകള്‍ കയറിയെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ പട്ടികയില്‍ അവ്യക്തതയുണ്ടെന്ന് എന്നതിന് തെളിവ്. പട്ടികയില്‍ പേരുള്ള പദ്മാവതി ദസ്രക്ക് 55 വയസ്സെന്ന് രേഖ. സര്‍ക്കാര്‍ രേഖയില്‍ 48 വയസ്സെന്നായിരുന്നു കാണിച്ചിരുന്നത്. 24-ാമതായി പേരുള്ള ഷീലയുടെ പ്രായത്തിലും അവ്യക്തത. ഷീലക്ക് 52 വയസുണ്ടെന്ന് ഭര്‍ത്താവ് പറ‍ഞ്ഞു. സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ആധാര്‍നമ്പറും ഫോണ്‍നമ്പറും ഉള്‍പ്പെടുത്തിയിരുന്നു. ഈ ഫോണ്‍നമ്പറില്‍ വിളിച്ച് മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ സംസാരിച്ചപ്പോഴാണ് സ്ത്രീകളുടെ പ്രായം സര്‍ക്കാര്‍ പട്ടികയില്‍ വ്യത്യാസപ്പെട്ടതായി അറിഞ്ഞത്.

അതേസമയം 51 പേരുടെ പട്ടിക ആധികാരികമാണെന്ന് സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ജി. പ്രകാശ് വ്യക്തമാക്കി. തിരിച്ചറിയില്‍ രേഖ അടിസ്ഥാനമാക്കിയുള്ളതാണ് പട്ടികയെന്നും വസ്തുതകള്‍ മാത്രമെ ഇതില്‍ ഉള്ളുവെന്നും അഭിഭാഷകനായി ജി പ്രകാശ് പറഞ്ഞു.