ശബരിമല യുവതീ പ്രവേശനത്തെ ചൊല്ലി സംഘ് പരിവാർ സംഘടനകൾക്കുള്ളിൽ തർക്കം രൂക്ഷമാകുന്നു. വിഷയത്തില്‍ പരസ്യ വാക്പോര് തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്ന പോരിൽ തൽക്കാലം ഇടപെടേണ്ടെന്നാണ് ആർ.എസ് .എസ് തീരുമാനം.
സുപ്രീം കോടതി വിധി വന്ന സമയത്ത് തന്നെ ആർഎസ്എസ് നേതാക്കൾ വിധിയെ അനുകൂലിച്ചെങ്കിലും പിന്നീട് ബിജെപി ഇടപെടൽ കാരണം നിലപാട് മാറ്റുകയായിരുന്നു. തുടർന്ന് യുവതീ പ്രവേശന വിഷയം സജീവമാക്കുന്നതിന് ശബരിമല കർമ സമിതി രൂപീകരിച്ച് സമരത്തിൽ ഇടപെട്ടു. എന്നാൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അഭിപ്രായ ഭിന്നതകൾ മറനീക്കി പുറത്ത് വരികയായിരുന്നു. ഏത് ആചാരവും തന്ത്രിമാരും ആചാര്യന്മാരുമായി ചേര്‍ന്ന് ആലോചിച്ച് മാറ്റാം എന്നതാണ് സംഘത്തിന്റെ അഭിപ്രായമെന്ന് പറഞ്ഞ് ഹിന്ദു ഐക്യ വേദി നേതാവ് ആർ വി ബാബു രംഗത്ത് വന്നു. സുപ്രീം കോടതി വിധിയെ സർക്കാർ തെറ്റായി നടപ്പാക്കാൻ ശ്രമിച്ചപ്പോഴാണ് സമരം നടത്തേണ്ടി വന്നതെന്നും അദ്ദേഹം കുറിച്ചു. തുടർന്ന് കർമ്മ സമിതിയിലെ മറ്റ് സംഘടനകളുടെ നേതാക്കളും എതിർത്തും അനൂ കൂലിച്ചും രംഗത്ത് വന്നു.
ഇതോടെ സംഘ് പരിവാർ നേതൃത്വം വെട്ടിലായി. തെരഞ്ഞെടുപ്പ് സമയത്ത് പ്രശ്നം തീവ്രമാക്കി നിത്തണമെന്ന് പറഞ്ഞിരുന്ന ആർ എസ് എസ് നേതൃത്വം നിലവിലെ തർക്കത്തെക്കുറിച്ച് അനൌപചാരിക ചർച്ചകൾ നടത്തി. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ പ്രശ്നത്തിൽ ഇടപെടേണ്ടതില്ലെന്നാണ് തീരുമാനം. പ്രശ്നം ഇപ്പോൾ ആർഎസ്എസ് നേതൃത്വത്തിന്റേതായി കാണേണ്ടതില്ലെന്നും കർമ സമിതിയിലെ പ്രശ്നമായി കണ്ടാൽ മതിയെന്നുമാണ് നിലപാട്. എന്നാൽ രൂക്ഷമായ തർക്കം ആർഎസ്എസ് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. കൂടുതൽ പരസ്യ പ്രതികരണം വേണ്ടെന്ന് പറഞ്ഞെങ്കിലും തല്ല് തുടരുന്നതിൽ ആർഎസ്എസ് ന് അതൃപ്തിയുണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ശേഷം കർമ സമിതിയുടെ യോഗം പോലും ചേരാൻ കഴിഞ്ഞിട്ടില്ല. പുതിയ സാഹചര്യത്തിൽ ആർഎസ്എസ് തീരുമാനം എടുത്തശേഷമാകും സംഘ് പരിവാർ സംഘനകൾ ഉൾകൊള്ളുന്ന ശബരിമല കർമ സമിതിയുടെ യോഗം ചേരുക.