Kerala

ശബരിമല നട നവംബർ 15ന് തുറക്കും: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തെ ക്രമീകരണങ്ങൾ സംബന്ധിച്ച് അന്തിമ രൂപമായി. പ്രതിദിനം ആയിരം പേർക്ക് ദർശനം നടത്താം. ഭക്തർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യണം. ദർശനത്തിന് 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നവംബർ 15 നാണ് നട തുറക്കുന്നത്.

മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിൽ ഭക്തരുടെ എണ്ണം പ്രതിദിനം 1000 പേർ മതിയെന്നാണ് അന്തിമ തീരുമാനം. തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലെന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുടെ വിലയിരുത്തൽ. പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് പരിശോധന സംവിധാനം ഏർപ്പെടുത്തും.

പമ്പയിൽ മുങ്ങി കുളിക്കരുത്, പകരം ഷവർ സംവിധാനം ഏർപ്പെടുത്തും. നെയ്യ് അഭിഷേകത്തിന് പ്രത്യേക കൗണ്ടർ ഉണ്ടാകും. ഫ്ലൈ ഓവർ വഴി ഭക്തരെ പ്രവേശിപ്പിക്കില്ല. കുടിവെള്ളത്തിനും പ്രത്യേക സംവിധാനമൊരുക്കും. തന്ത്രി, മേൽശാന്തി എന്നിവരെ ഭക്തർക്ക് സന്ദർശിക്കാൻ കഴിയില്ല. സോപാനത്തെ വി.ഐ.പി ദർശനവും അനുവദിക്കില്ല. സന്നിധാനത്തും പമ്പയിലും വിരിവയ്ക്കാൻ അനുവാദമില്ല. നിലയ്ക്കലിൽ പരിമിതമായ രീതിയിൽ സൗകര്യം ഒരുക്കാനും തീരുമാനമായിട്ടുണ്ട്.