India Kerala

ശബരിമല പുനഃപരിശോധന ഹരജികളില്‍ വിധി നാളെ

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് പുനഃപരിശോധന ഹരജിയില്‍ നാളെ വിധി പറയും. 65ലധികം ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് നാളെ രാവിലെ 10.30ന് വിധി പറയുക.

2018 സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. അയോധ്യ കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലുണ്ടാായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും പുനഃപരിശോധനാ ഹരജികള്‍ പരിഗണിക്കുന്ന ബെഞ്ചിലും അംഗങ്ങളാണ്.

2018 സെപ്തംബര്‍ 28 ന് യുവതീപ്രവേശന വിലക്ക് നീക്കിയ വിധിയിലേക്ക് സുപ്രിം കോടതിയെത്തിയത് വര്‍ഷങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ്. വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് വിവിധ കക്ഷികളുടേതായി 65ലധികം ഹരജികളാണ് കോടതിയുടെ മുന്നിലേക്കെത്തിയത് . ആ ഹരജികളില്‍ കോടതി എന്ത് തീരുമാനിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്