ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ത്ഥാടനത്തിനായി ഇന്നലെ വൈകിട്ട് നട തുറന്നു. ഇന്ന് രാവിലെ നാലുമണി മുതല്‍ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിട്ടുതുടങ്ങി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മൂന്ന് ദിവസം ചില നിയന്ത്രണങ്ങളുണ്ട്. ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് ഈ ദിവസങ്ങളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ദിവസം സൗകര്യമേര്‍പ്പെടുത്തും.
അതേസമയം തീര്‍ത്ഥാടനത്തിനായി സ്‌പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശക്തമായ ഒഴുക്കായതിനാല്‍ പമ്പാ സ്‌നാനത്തിനും അനുമതിയില്ല. ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ വിലയിരുത്താനായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ സന്നിധാനത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും.
പ്രതിദിനം മുപ്പതിനായിരം പേര്‍ക്കാണ് അനുമതി. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് മലകയറ്റം. കാനന പാത അനുവദിക്കില്ല. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം.