Kerala

ശബരിമല ദര്‍ശനം; ഇടത്താവളങ്ങളില്‍ നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ്

ശബരിമല ദര്‍ശനത്തിനായി പത്ത് ഇടത്താവളങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ്. നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗിലൂടെ ഭക്തര്‍ക്ക് ദര്‍ശനം നടത്താമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ സ്‌പോട്ട് ബുക്കിംഗിനായി ഉപയോഗിക്കാം. രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാണ്. സ്‌പോട്ട് ബുക്കിംഗില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ശബരിമലയിലെ ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ നടത്തിപ്പ് സംബന്ധിച്ചുള്ള ഹര്‍ജിയി പരിഗണിക്കുന്നതിലാണ് സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായി ദേവസ്വം കോടതിയില്‍ അറിയിച്ചത്.

അതേസമയം തീര്‍ത്ഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ശബരിമലയിലേക്കെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായി. മോശം കാലാവസ്ഥ കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നും നാളെയും തുടരും. 16000ത്തിലധികം ഭക്തര്‍ ഇന്ന് വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തിരുന്നു.