ശബരിമലയിൽ വൻ തിരക്കിന് ആശ്വാസം. പമ്പയിലും നിലയ്ക്കലിലും തിരക്കൊഴിഞ്ഞു. സന്നിധാനം മുതൽ ശബരീപീഠം വരെ മാത്രമാണ് ഇപ്പോൾ തീർഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നത്. പമ്പയിലെ നടപ്പന്തൽ ഒഴിഞ്ഞിരിക്കുകയാണ്.
നിലയ്ക്കലിലെ KSRTC ബസ് സ്റ്റാൻഡും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിലും തിരക്കൊഴിഞ്ഞു. 20000 മുതൽ 30000 ഭക്തരാണ് നിലവിൽ ദർശനം നടത്തുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ ക്യുവിൽ നിൽക്കുന്ന എല്ലാ ഭക്തർക്കും ദർശനം നടത്താൻ സാധിക്കും.
അതേസമയം ശബരിമലയിൽ ഇന്നാണ് മണ്ഡല പൂജ. രാവിലെ 10.30 നും 11.30 നും ഇടയിലാകും മണ്ഡല പൂജ നടക്കുന്നത്. മണ്ഡല പൂജയ്ക്ക് ശേഷം താത്ക്കാലികമായി നടയടക്കും. ശേഷം ഡിസംബർ 30 ന് വൈകീട്ട് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും . 41 ദിവസത്തെ വൃത കാലത്തിന് പരിസമാപ്തി കുറിച്ച് കൊണ്ടുള്ള തങ്കയങ്കി ഘോഷ യാത്ര ഇന്നലെ രാത്രിയോടെ ശബരിമല സന്നിധാനത്ത് എത്തിയിരുന്നു.
ഇത്തവണ സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിൽ മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിരിക്കുന്നത് എന്നാണ് ദേവസ്വം ബോർഡ് അറിയിച്ചത്. മകര വിളക്ക് സ്പോട്ട് ബുക്കിംഗ് 80,000 ആക്കുമെന്നതടക്കമുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ഡിസംബർ 30 ന് വൈകീട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നടതുറക്കുക.