Kerala

മകരവിളക്കിന് ഇനി 4 ദിവസം മാത്രം; ശബരിമലയിൽ തിരക്കേറുന്നു

ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. മകരവിളക്കിന് 4 ദിവസം മാത്രം ശേഷിക്കെ ഇന്ന് 89,956 പേരാണ് വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിങ് കൂടി ഉള്ളതിനാൽ ഒരു ലക്ഷത്തിലധികം തീർഥാടകർ ഇന്ന് ദർശനത്തിനെത്തുമെന്നാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സന്നിധാനത്ത് തീർഥാടക തിരക്ക് അനുഭവപ്പെട്ടിരുന്നു. മകരവിളക്ക് അടുത്തതിനാൽ മലകയറുന്ന തീർഥാടകർ സന്നിധാനത്തുതന്നെ തുടരുന്ന സാഹചര്യവുമുണ്ട്. തീപിടുത്ത സാധ്യത മുന്നിൽക്കണ്ട് സന്നിധാനത്തു തുടരുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യരുതെന്ന് നിർദേശം നൽകി.

മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചു കാട്ടുതീ തടയുന്നതിനായി പമ്പയിൽ കൺട്രോൾ റൂം തുറന്നു. വനം വകുപ്പാണ് കാട്ടുതീ തടയുന്നതിനു മാത്രമായി കൺട്രോൾ റൂം തുറന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് കൺട്രോൾ റൂമുകൾ പമ്പയിലും സന്നിധാനത്തുമുണ്ട്.

തീർഥാടകർ കാൽനടയായി എത്തുന്ന കരിമല-നീലിമല പാതയിലും സത്രം പുല്ലുമേട് പാതയിലും അധിക ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇവിടങ്ങളിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഈ മാസം 14 നാണ് മകരവിളക്ക് മഹോത്സവം.