India Kerala

ഇനി വാദമുണ്ടെങ്കില്‍ എഴുതി നല്‍കണം; സുപ്രീംകോടതി

ശബരിമല പുനപരിശോധന ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഇനി വാദമുണ്ടെങ്കില്‍ എഴുതി നല്‍കണമെന്ന് കോടതി ആവര്‍ത്തിച്ചു. ഇന്നലത്തെ ഉത്തരവ് പിന്‍വലിച്ച് പുനപരിശോധന ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കണം എന്ന ആവശ്യം കോടതി തള്ളി.

ദേശീയ അയ്യപ്പഭക്ത ‌അസോസിയേഷന്റെ അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് വീണ്ടും വാദത്തിന് അവസരം തേടിയത്. കഴിഞ്ഞ ദിവസം തനിക്ക് വാദത്തിന് അവസരം കിട്ടിയില്ല. മറ്റാരും പറയാത്ത ഭരണഘടനാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്തുതന്നെ ആയാലും എഴുതി നല്‍കൂ… കഴമ്പുണ്ടെങ്കില്‍ വാദത്തിന് അവസരം നല്‍കാം എന്ന് കോടതി മറുപടി നല്‍കി.

ശബരിമല യുവതി പ്രവേശനം: പുനപരിശോധനാ ഹരജികളില്‍ വാദം പൂര്‍ത്തിയായി; വിധി പറയാന്‍ മാറ്റി

56 പുനപരിശോധന ഹര്‍ജിക്കാരുണ്ടായിരുന്നെങ്കിലും തന്ത്രിയും എന്‍.എസ്.എസും പ്രയാര്‍ ഗോപാലകൃഷ്ണനും അടക്കം ഏതാനും കക്ഷികള്‍ക്കേ ഇന്നലെ വാദം പറയാനായുള്ളൂ. യുവതീ പ്രവേശന വിധിയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിന് പകരം നേരത്തെ കേസില്‍ ഉന്നയിച്ച അതേ വാദങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു മിക്കവരും ഇന്നലെ.